പ്രഭാത യോഗങ്ങൾ ആറ്റിങ്ങലിലും കാട്ടാക്കടയിലും തിരുവനന്തപുരത്തും

തിരുവനന്തപുരം: നവകേരള സദസ് തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കാൻ എട്ടു ദിവസങ്ങൾ ശേഷിക്കെ, പരിപാടി ഗംഭീര വിജയമാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ജില്ലയിലെ ജനപ്രതിനിധികളും. ഡിസംബർ 20 ന് വർക്കലയിലാണ് ജില്ലയിലെ നവകേരള സദസിന് തുടക്കം. 23ന് വട്ടിയൂർക്കാവ്,തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്തസദസോടെ സമാപിക്കും.

20ന് വർക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തിൽ വൈകിട്ട് 6നാണ് പരിപാടി നടക്കുക. ഡിസംബർ 21ലെ നവകേരള സദസിന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിലെ പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ 9 ന് വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ്,വാമനപുരം,നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള വ്യക്തികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും.

11ന് ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് ചിറയിൻകീഴ് മണ്ഡലത്തിലെയും, വൈകിട്ട് 3ന് ആറ്റിങ്ങൽ മാമം മൈതാനത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെയും, 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിനു സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും, 6ന് നെടുമങ്ങാട് നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.

22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് പ്രഭായോഗം. കാട്ടാക്കട, അരുവിക്കര,നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.രാവിലെ 11ന് ആര്യനാട്, പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അരുവിക്കര മണ്ഡലത്തിലെയും, 3 ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കാട്ടാക്കട മണ്ഡലത്തിലെയും, 4.30ന് നെയ്യാറ്റിൻകര ഡോ.ജി. രാമചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെയും, വൈകിട്ട് 6ന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ പാറശാല മണ്ഡലത്തിലെയും നവകേരള സദസുകൾ നടക്കും.

23ന് ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നേമം,വട്ടിയൂർക്കാവ്,കോവളം,കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും. രാവിലെ 11ന് വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ടിൽ കോവളം മണ്ഡലത്തിലെയും വൈകിട്ട് 3ന് പൂജപ്പുര ഗ്രൗണ്ടിൽ നേമം മണ്ഡലത്തിലെയും 4.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കഴക്കൂട്ടം മണ്ഡലത്തിലെയും വൈകിട്ട് 6ന് നെട്ടയം സെൻട്രൽ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ തിരുവനന്തപുരം,വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെയും സദസുകൾ നടക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അതത് എം.എൽ.എമാർ ചെയർമാന്മാരായുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു. യു.ഡി.എഫ് എം.എൽ.എയുള്ള കോവളം മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറാണ് സംഘാടക സമിതി ചെയർമാൻ. കോർപ്പറേഷൻ,മുനിസിപ്പാലിറ്റി തലത്തിലും ബൂത്ത് തലത്തിലും സ്വാഗത സംഘങ്ങളും സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

പരാതി കൗണ്ടറുകൾ

പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാൻ നവകേരള സദസിന്റെ വേദിക്ക് സമീപം കൗണ്ടറുകളുണ്ടാകും. ഭിന്നശേഷിക്കാർ,സ്ത്രീകൾ,വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളുണ്ടാവും. വാഹന പാർക്കിംഗിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. പൊലീസ്, അഗ്നിസുരക്ഷാസേന,ആംബുലൻസ് ഉൾപ്പെടുന്ന മെഡിക്കൽ സംഘം,സിവിൽ ഡിഫൻസ് വോളണ്ടിയർമാർ തുടങ്ങിയവരുടെ സേവനവും ഉണ്ടാകും.