k

മാതാപിതാക്കൾക്ക് മക്കളുടെ ഭാവിയെക്കുറിച്ച് എപ്പോഴും ആധിയാണ് എന്നത് ഒരു പതിവു പല്ലവിയാണ്. വ്യവസ്ഥാപിതമായ ഈ ചിന്താധാരയും ആശയവിനിമയവുമൊക്കെ പഴങ്കഥയായി മാറേണ്ടതുണ്ട്. ഇന്ത്യാ മഹാരാജ്യവും ലോകരാഷ്ട്രങ്ങളാകെയും നമ്മുടെ ഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്ന പുതുതലമുറയെ ഉൾക്കൊള്ളാൻ സജ്ജമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണേണ്ടതും മനസിലാക്കേണ്ടതും.

നമ്മുടെ രാജ്യം സമീപഭാവിയിൽ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് അമേരിക്കയുടേയും ചൈനയുടേയും തൊട്ടുപിറകിൽ മൂന്നാം സാമ്പത്തിക ശക്തിയായിത്തീരാൻ തയ്യാറെടുക്കുകയാണ്. ഈയൊരു മുന്നേറ്റം ഉൾക്കൊണ്ടു വേണം നമ്മുടെ മക്കളുടെ പഠനം സെക്കൻഡറി തലത്തിൽ നിന്ന് സീനിയർ സെക്കൻഡറിയിലേക്ക് ചുവടുവയ്ക്കുമ്പോൾ അവരുടെ ഭാവിജീവിതത്തെ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പാകപ്പെടുത്തേണ്ടത്.

ഇപ്പോൾത്തന്നെ നമ്മുടെ യുവാക്കൾ അഞ്ചു വർഷത്തിനപ്പുറം അവരുടെ തൊഴിലിടങ്ങളിൽ തുടരുവാൻ തയ്യാറാകുന്നില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് മാതാപിതാക്കൾക്കു മാത്രമല്ല,​ വൻകിട കമ്പനികളുടെ ഉടമകൾക്കും സ്ഥാപന മേധാവികൾക്കും ഒരുപോലെ ആശങ്കയുളവാക്കുന്നുണ്ട്. ഇതൊരു ശുഭസൂചനായി മാത്രം കണ്ടാൽ മതി. ഒരു വിഭാഗം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്നതും,​ മറ്റൊരു വിഭാഗം സംരംഭക രംഗത്തക്ക് കടക്കുന്നതുമായ കാഴ്ചയാണ് ഇന്നു കാണുന്നത്. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന,​ യുവാക്കൾക്കിടയിലുള്ള ഇത്തരമൊരു മാറ്റം ഏറെ ആശാവഹമായ, വേറിട്ടൊരു ചിന്താഗതിയുടെ ശുഭസൂചകമായാണ് വിലയിരുത്തപ്പെടേണ്ടത്.

രാജ്യത്ത് അടിസ്ഥാന വികസനം ത്വരിതഗതിയിൽ നടന്നുവരുന്നുവെന്നത് യുവാക്കളിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രനിർമ്മിതിക്കായി യുവാക്കളുടെ വ്യത്യസ്തമായ പുതുപുത്തൻ ക്രിയാത്മക ചിന്താസരണി, ശോഭനമായ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് മുതിർന്നവരായ എല്ലാവരിലും പകർന്നുതരുന്നത്. മാറ്റത്തിന്റെ പകർന്നാട്ടമാണ് പുതുതലമുറ നമുക്ക് കാട്ടിത്തരാൻ പോകുന്നത്. ഇത്തരമൊരു ചിന്തയോടെയാകണം ഇപ്പോഴത്തെ മാതാപിതാക്കൾ സ്വന്തം മക്കളുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാണേണ്ടത്.

പരമ്പരാഗത തൊഴിൽ മേഖലകളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നമ്മുടെയൊക്കെ പഴഞ്ചൻ സമ്പ്രദായത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിയിലൂന്നിയുള്ള പുത്തൻ പാഠങ്ങൾ ഉൾക്കൊള്ളാൻ ഈ ഡിജിറ്റൽ യുഗത്തിൽ തയ്യാറാകണം. പരമ്പരാഗതമായി പഠിച്ചുവന്നിരുന്ന ആർട്സ്, സയൻസ്, കൊമേഴ്സ് വിഷയങ്ങൾക്കൊക്കെ എണ്ണമറ്റ ശാഖോപശാഖകൾ രൂപംകൊണ്ടു കഴിഞ്ഞിരിക്കുന്നു. നാളിതുവരെ മൂന്നുവർഷം കൊണ്ട് നേടാനാകുമായിരുന്ന ബിരുദ കോഴ്സിന് പഠിച്ചുവന്നിരുന്ന അഞ്ചോ പത്തോ വിഷയങ്ങൾക്കപ്പുറം,​ നാല് വർഷത്തിനുള്ളിലെ എട്ട് സെമസ്റ്റർകൊണ്ട് എത്രയോ ആധുനിക, സാങ്കേതിക വിഷയങ്ങളാണ് പുതുതലമുറയെ കാത്തിരിക്കുന്നത്.

ഒരേസമയം ഒന്നിലധികം ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് വിദേശ സർവകലാശാലകളുടെ ഓഫ് കാമ്പസ് ഉൾപ്പെടെ ലോകോത്തര സർവകലാശാലകളിൽ പഠിക്കുവാനുള്ള അവസരമാണ് പുതുതലമുറയ്ക്ക് സംജാതമാകുന്നത്. മാത്രമല്ല,​ പഠനത്തോടൊപ്പം വേതനം നേടാനാകുന്ന തൊഴിൽ മേഖലകളും വിദ്യാർത്ഥികൾക്കായി സർവകലാശാലകളും തൊഴിൽസംരംഭകരും കാത്തുവച്ചിരിക്കുന്ന പ്രതീക്ഷാനിർഭരമായ ഒരു കാലത്തിലേക്കാണ് നമ്മുടെ മക്കൾ നടന്നടുക്കുന്നത്.

പത്താംക്ളാസ് കഴിയുമ്പോൾത്തന്നെ കുട്ടികൾക്ക് അഭിരുചിയുള്ള വിഷയങ്ങൾ,​ അവ ഏതായാലും തിരഞ്ഞെടുത്ത് പഠിക്കുവാനുള്ള സ്വാതന്ത്ര്യ‌ം നൽകുകയായിരിക്കണം അച്ഛനമ്മമാരുടെ കടമ. അതേസമയം,​ ബഹുഭൂരിപക്ഷം കുട്ടികൾക്കും അഭിരുചി സയൻസ്, കണക്ക് വിഷയങ്ങളോട് ആണെന്നത് ഒരു യാഥാർത്ഥ്യവുമാണ്. അത് കുട്ടികളടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ തികച്ചും അംഗീകരിച്ചുകൊടുക്കേണ്ടതുമാണ്. എന്തുകൊണ്ടെന്നാൽ പത്താം ക്ളാസ് വരെയുള്ള പഠനകാലത്ത് ഭാഷാവിഷയങ്ങൾ കഴിഞ്ഞാൽ ഇഷ്ടത്തോടെ ഏറ്റവും കൂടുതൽ പഠിക്കേണ്ടി വന്നിട്ടുള്ളത് ഗണിതശാസ്‌ത്രവും ജീവശാസ്ത്രവും,​ മുതിർന്ന ക്ളാസിൽ ഊർജ്ജതന്ത്രവും രസതന്ത്ര‌വും വളരെ കുറച്ചു മാത്രം സാമ്പത്തിക ശാസ്ത്രവും പിന്നെ സാമൂഹിക ശാസ്ത്രവും ആണ്.

വാണിജ്യരംഗത്തെക്കുറിച്ചോ,​ വ്യാപാരരംഗത്തെ വരവുചെലവ് കണക്കുകളുമായി ബന്ധപ്പെട്ട അക്കൗണ്ടൻസി വിഷയങ്ങളെക്കുറിച്ചോ പഠിക്കാൻ അവസരം ലഭിക്കാത്ത കുട്ടികൾ ആർട്സ്, കൊമേഴ്സ് വിഷയങ്ങൾ പഠിക്കാൻ താത്‌പര്യം കാണിക്കാതിരിക്കുന്നതിനെ കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ. ഒൻപത്, പത്ത് ക്ളാസുകളിൽ വാണിജ്യ - വ്യാപാര വിഷയങ്ങൾ പരിചയപ്പെടാനെങ്കിലും കുട്ടികൾക്ക് അവസരമൊരുക്കുന്ന സമീപനമാണ് വിദ്യാലയങ്ങളിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്.

ലോകഭൂപടത്തിൽത്തന്നെ പ്രമുഖസ്ഥാനം അലങ്കരിക്കുവാൻ തയ്യാറെടുക്കുന്ന,​ നമ്മുടെ തലസ്ഥാനത്തിനുതന്നെ തിലകക്കുറി ചാർത്തുവാനൊരുങ്ങുന്ന വിഴിഞ്ഞം പദ്ധതിയിലൂടെ സമുദ്ര- തുറമുഖ മേഖലയിൽ അത്യാകർഷകമായ തൊഴിൽ സാദ്ധ്യതകളാണ് ഭാവിതലമുറയെ കാത്തിരിക്കുന്നത്. ഇവയൊക്കെ ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്യാനും അഭിലഷണീയമായവ തെരഞ്ഞെടുത്ത് പ്ളസ് ടു പഠനവും തുടർന്നുള്ള ഉന്നതവിദ്യാഭ്യാസ വിജയവും അഭീഷ്ടമായ തൊഴിൽ മേഖലകളിൽ അനായാസം എത്തിച്ചേരാനുള്ള സാദ്ധ്യതകളും തുറന്നുകിട്ടും.

വ്യക്തമായ ദിശാബോധമുള്ള ഭാവിതലമുറയെ ആത്മവിശ്വാസമുള്ളവരായി പാകപ്പെടുത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണ്. അവർ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുവാൻ പ്രതിജ്ഞാബദ്ധരാണ്. വികസ്വര രാഷ്ട്രമായ നമ്മുടെ രാജ്യത്തെ വികസിത രാജ്യമാക്കി ലോകത്തിന്റെ നെറുകയിൽ സാമ്പത്തികമായും സാംസ്‌കാരികമായും ഒന്നാമതെത്തിക്കുവാൻ നമുക്ക് നമ്മുടെ മക്കൾക്കൊപ്പം അണിചേരാം.

(ജ്യോതിസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ആണ് ലേഖകൻ. ഫോൺ: 94460 65751)​