bh

ജമ്മുകാശ്‌മീരിന് പ്രത്യേക പദവിയും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ഒട്ടേറെ അവകാശങ്ങളും ഉറപ്പാക്കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. ഭരണഘടനാപരമായി സാധുവായ നടപടി തന്നെയാണിതെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടത്. നാലുവർഷം മുമ്പ് രണ്ടാം മോദി സർക്കാർ കൈക്കൊണ്ട തീരുമാനം രാജ്യത്ത് വലിയ വിവാദങ്ങളുയർത്തിയിരുന്നു. ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോരുകൾ ഇന്നും തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടതുപോലെ ഏതു നിലയിൽ നോക്കിയാലും ചരിത്രവിധി തന്നെയാണ് പരമോന്നത കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയെന്ന പരമാധികാര രാജ്യത്തിനുള്ളിൽ പ്രത്യേക പദവിയു അധികാരങ്ങളുമുള്ള ഒരു സംസ്ഥാനം പതിറ്റാണ്ടുകൾ നിലനിന്നതുതന്നെ വിരോധാഭാസമായിരുന്നു. ജമ്മുകാശ്മ‌ീരിന് ആദ്യകാല കേന്ദ്ര സർക്കാർ നൽകിയ പ്രത്യേക പദവിയും അധികാരങ്ങളും സവിശേഷമായ സാഹചര്യം കണക്കിലെടുത്തായിരുന്നു. അന്ന് അതെല്ലാം അനുവദിച്ചെന്നു കരുതി,​ ഭൂമിയിള്ള കാലത്തോളം അതു തുടരണമെന്ന് ആവശ്യപ്പെടാൻ ആർക്കും കഴിയില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം ഇപ്പോഴത്തെ സാഹചര്യത്തിൽ തികച്ചും സംഗതമാണ്.

ജമ്മുകാശ്‌മീരിനെ വിഭജിച്ച് പുതിയ ഭരണക്രമം ഏർപ്പെടുത്താൻ ഉദ്ദേശിച്ചാണ് 370-ാം വകുപ്പ് റദ്ദാക്കാൻ കേന്ദ്രം തീരുമാനിച്ചത്. തീരുമാനത്തിന് പാർലമെന്റ് അംഗീകാരവും നൽകിയിരുന്നു. കേന്ദ്രവും പാർലമെന്റും കൈക്കൊണ്ട ഈ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത് ന്യായയുക്തമാണ്. കാശ്‌മീരിന് മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പദവിയും സവിശേഷ അധികാരങ്ങളും വേണമെന്ന ശാഠ്യവും അംഗികരിക്കാനാവില്ല. ഒരു പരമാധികാര രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ വേണം കാണാൻ. ജമ്മുകാശ‌്‌മീരും ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുകയും,​ മറ്റു സംസ്ഥാനങ്ങൾക്കു ബാധകമായ നിയമങ്ങൾ അവിടെയും പുലരുകയും ചെയ്യുമ്പോഴേ രാജ്യം യഥാർത്ഥ ഐക്യത്തിൽ വർത്തിക്കുന്നു എന്നു പറയാനാവൂ.

ഭരണഘടനയിലെ വകുപ്പുകൾ ഭേദഗതി ചെയ്യാനും റദ്ദാക്കാൻ പോലുമോ പാർലമെന്റിന് പരമാധികാരമുണ്ട്. സുപ്രീംകോടതി എല്ലാ അർത്ഥത്തിലും പാർലമെന്റിന്റെ ഈ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയാണ് ഈ വിധിയിലൂടെ ചെയ്തതെന്ന് നിസ്സംശയം പറയാം. രാജ്യത്തിന്റെ ഏകീകരണം മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഏതു ഭരണ നടപടിയെയും സ്വാഗതം ചെയ്യേണ്ടതുണ്ട്. വിഘടന - വിധ്വംസക പ്രവർത്തനങ്ങളാൽ കാശ്‌മീർ എത്രമാത്രം അരാജകത്വത്തിലേക്ക് നീങ്ങിയിരുന്നു എന്ന യാഥാർത്ഥ്യം എല്ലാവർക്കും അറിയാം. കേന്ദ്രം കൈക്കൊണ്ട ധീരമായ നടപടിയിലൂടെയാണ് വലിയ തോതിൽ ആ സ്ഥിതിക്ക് മാറ്റം കണ്ടുതുടങ്ങിയത്.

ഭീകരന്മാരും വിദ്ധ്വംസക ശക്തികളും ഒറ്റയ്ക്കും കൂട്ടായും ഇപ്പോഴും അവിടെ അക്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും നാലുവർഷത്തിനു മുമ്പുള്ള അവസ്ഥയിൽനിന്ന് എന്തുമാത്രം മാറിയിട്ടുണ്ടെന്ന കാര്യവും ഏവർക്കുമറിയാം. കാശ‌്‌മീരിൽ വിഘടനവാദത്തിന്റെ വിത്തു വിതയ്‌ക്കുകയും അതിൽ നിന്ന് വർഷങ്ങളോളം രാഷ്ട്രീയ വിളവെടുപ്പു നടത്തുകയും ചെയ്തവർ ഒട്ടേറെയുണ്ട്. കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ എത്തിയവരിൽ കാശ്മീരിലെ പ്രധാന പാർട്ടികളുമുണ്ടായിരുന്നു. ഏതായാലും സംശയലേശമെന്യേ രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും പരമോന്നത കോടതി ഉയർത്തിപ്പിടിച്ചതോടെ കാശ്‌മീർ തുടർന്നും

രാഷ്ട്രീയക്കരുവായി നിലനിറുത്താനുള്ള ശ്രമങ്ങൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.

370-ാം വകുപ്പ് റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചെങ്കിലും ജമ്മുകാശ്‌മീരിന് സംസ്ഥാന പദവി തിരിച്ചുനൽകണമെന്ന് കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്തംബർ 30-നു മുമ്പ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും നടത്തണം. അഞ്ചംഗ ബെഞ്ചിൽ നിന്ന് മൂന്നു പ്രത്യേക വിധികൾ വന്നെങ്കിലും 370- ാം വകുപ്പു റദ്ദാക്കിയ കേന്ദ്ര നടപടിയോട് അഞ്ച് ജഡ്‌ജിമാരും യോജിച്ചതും ശ്രദ്ധേയമായി. ജമ്മുവിൽ നിന്ന് തുരത്തിയോടിക്കപ്പെട്ട കാശ്‌മീരി പണ്ഡിറ്റുകളുടെ സ്ഥിതിയെക്കുറിച്ച് ബെഞ്ചിൽ അംഗമായ ജസ്റ്റിസ് കൗൾ പുറപ്പെടുവിച്ച വിധിയിൽ പരാമർശമുണ്ട്. ഇന്ത്യാ വിഭജന കാലത്തു പോലും ഉണ്ടാകാതിരുന്ന വർഗ്ഗീയ വിപത്താണ് പണ്ഡിറ്റുകൾ നേരിടേണ്ടിവന്നത്. 1980നുശേഷം സംസ്ഥാനത്തുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പ്രത്യേക അന്വേഷണത്തിനും ജസ്റ്റിസ് കൗൾ നിർദ്ദേശിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധിയിൽ കാശ്മീരിലെ രാഷ്ട്രീയ നേതാക്കൾക്കുണ്ടായ ഇച്ഛാഭംഗവും രോഷവും ആർക്കും മനസ്സിലാകും. കാശ്‌മീർ ജനതയ്ക്ക് ഒരുവിധത്തിലും ഉൾക്കൊള്ളാനാകാത്ത വിധിയായി അവർ ഇതിനെ കാണുന്നു. എന്നാൽ ചിന്താശേഷിയുള്ള രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിധിയിൽ സന്തോഷിക്കുന്നവരാണ്.