തിരുവനന്തപുരം: പാറ്റൂർ വെട്ടുകേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ഡൽഹിയിലായിരുന്ന ഫോൺ ഐ.എം.ഇ നമ്പർ‌ ഉപയോഗിച്ച് കണ്ടെത്തി കേരളത്തിലെത്തിച്ചു. കേസിൽ ഓംപ്രകാശിന്റെ പങ്ക് തെളിയിക്കുന്ന നിർണായക വിവരമടങ്ങിയതാണ് ഫോൺ.

കൺസ്ട്രക്ഷൻ കമ്പനി ഉടമ മുട്ടട സ്വദേശി നിഥിൻ,സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ,ജഗതി സ്വദേശി പ്രവീൺ,പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ച ഫോട്ടോകൾ ഈ ഫോണിലാണ് പ്രതികൾ ഓംപ്രകാശിന് അയച്ചത്.

ഈ ഫോണിൽ നിന്ന് ഇയാൾ പ്രതികളെ ബന്ധപ്പെട്ടിട്ടുണ്ട്. ഫോണിലെ കുറേ വിവരങ്ങൾ മായ്ച്ചുകളഞ്ഞ സാഹചര്യത്തിൽ അന്വേഷണസംഘം ഫോൺ സൈബ‌ർ സെല്ലിന് കൈമാറി. മായ്ച്ചുകളഞ്ഞ വിവരങ്ങൾ തിരിച്ചെടുക്കുന്നത് പുരോഗമിക്കുകയാണ്. ചിത്രങ്ങളടക്കം തിരികെ ലഭിച്ചാലേ പൊലീസിന് ഓംപ്രകാശിനെതിരെ ശക്തമായ തെളിവുണ്ടാക്കാനാകൂ. നിലവിൽ ഗൂഢാലോചനക്കേസും ഓംപ്രകാശിന് മേൽ ചുമത്തിയിട്ടുണ്ട്. ഇയാളുടെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡി വെള്ളിയാഴ്ച അവസാനിക്കും. ഡൽഹി,​ഗോവ ഉൾപ്പെടെ സംസ്ഥാനത്തിനു പുറത്ത് ഓംപ്രകാശ് ഒളിവിൽ കഴിഞ്ഞതിനാൽ ഇവിടെയെത്തിച്ച് തെളിവെടുക്കാനുള്ള പദ്ധതി അന്വേഷണ സംഘത്തിനുണ്ടായിരുന്നു. എന്നാൽ ഫോൺ ലഭിച്ചതോടെ സംസ്ഥാനത്തിന് പുറത്ത് ഇനി തെളിവെടുപ്പ് നടത്തിയാൽ ഫലമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് നീക്കം ഉപേക്ഷിച്ചത്.

സംസ്ഥാനത്തിന് പുറത്തും ഇയാൾക്ക് മാഫിയാബന്ധങ്ങൾ അധികമുള്ള സാഹചര്യത്തിൽ തെളിവെടുപ്പിന് മതിയായ സുരക്ഷയൊരുക്കാതെ കൊണ്ടുപോകുന്നതും വെല്ലുവിളിയായിരുന്നു. കോടതി ആവശ്യപ്പെട്ടാൽ ഇന്നോ നാളെയോ ഇയാളെ തിരികെ റിമാൻഡിൽ നൽകും. അല്ലാത്തപക്ഷം ഒരു റൗണ്ട് ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ചയായിരിക്കും കോടതിയിൽ ഹാജരാക്കുക. ഇയാൾക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രമം കൂട്ടാളികളുടെ ഭാഗത്തു നിന്ന് ആരംഭിച്ചിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത കാര്യവും തെളിവുകളുടെ അഭാവവും കോടതിക്ക് ബോദ്ധ്യപ്പെട്ടാലേ ജാമ്യം സാദ്ധ്യമാകൂവെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.