road

വർക്കല: ദേശീയ ജലപാത നവീകരണവുമായി ബന്ധപ്പെട്ട് ടി.എസ് കനാലിലെ ഡ്രജിംഗിനിടെ ചിലക്കൂർ ചിറമുക്കിലും തൊട്ടിപ്പാലത്തിനു സമീപവും റോഡ് തകർന്നു. ചിലക്കൂർ വള്ളക്കടവിൽ കരഭാഗം ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. വള്ളക്കടവ് പാലം മുതൽ തൊട്ടിപ്പാലം വരെയുള്ള ഭാഗത്താണ് നിലവിൽ ഡ്രഡ്ജിംഗ് ജോലികൾ നടക്കുന്നത്. മണലെടുത്ത് കനാലിന്റെ ആഴം കൂട്ടിയശേഷം ഇരുകരകളിലും ചെളി കോരിനിറച്ച് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡാണിത്. ഒന്നരവർഷം മുൻപ് തൊട്ടിപ്പാലത്തിനു സമീപം റോഡിന്റെ വലിയൊരു ഭാഗം കനാലിലേക്ക് ഇടിഞ്ഞുവീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴും റോഡിന്റെ പലഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ പ്രതലത്തിൽ ഉയർച്ചതാഴ്ചകൾ ഉള്ളതിനാൽ അപകടസാദ്ധ്യതയുമേറുന്നു. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ളവ ഇതുവഴി കടന്നുപോകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.

സംരക്ഷണഭിത്തിയുമില്ല

സംരക്ഷണഭിത്തികൾ നിർമ്മിക്കാതെ ഡ്രഡ്ജിംഗ് നടത്തുന്നതാണ് തകർച്ചയ്ക്ക് കാരണമാകുന്നത്. നവീകരണ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പണി മുടങ്ങിക്കിടക്കുകയായിരുന്നു. കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിയ ശേഷം മാസങ്ങൾക്കു മുമ്പാണ് വീണ്ടും പണി പുനരാരംഭിച്ചത്.

സുരക്ഷിതമല്ല

തകർച്ചയുണ്ടായ ഭാഗത്ത് തെങ്ങിൻകുറ്റികൾ അടിച്ചും മണൽചാക്കുകൾ അടുക്കിയും ബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇത് സുരക്ഷിതമല്ല. ചിറയോടു ചേർന്ന ഭാഗത്ത് തകർച്ചയുണ്ടായാൽ റോഡ് പൂർണമായും ഒലിച്ചുപോകുമെന്ന ആശങ്കയുമുണ്ട്. വളളക്കടവിൽ കനാലിന്റെ വശത്തുള്ള ഉയർന്ന ഭാഗങ്ങളും തകർച്ചാഭീഷണിയിലാണ്.