തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നം പഠിക്കാനും, ഭക്തർക്ക് സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്‌ക്കും യു.ഡി.എഫ് പ്രതിനിധി സംഘം ഇന്ന് പമ്പ സന്ദർശിക്കുമെന്ന് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ മോൻസ് ജോസഫ് എം.എൽ.എ, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സി.എം.പി നേതാവ് എം.പി. സാജു, ആർ.എസ്.പി നേതാവ് പ്രസന്നകുമാർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് ബഡായി, കെ.ഡി.പി സംസ്ഥാന സെക്രട്ടറി അജയകുമാർ തുടങ്ങിയവർ സംഘത്തിലുണ്ടാകും. ശബരിമലയിൽ ഗുരുതരമായ അലംഭാവമാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്ത് നിന്നുണ്ടായത്. മന്ത്രിതലത്തിലുള്ള അവലോകന യോഗം നടക്കാത്തതിനാൽ വകുപ്പുകളുടെ ഏകോപനം നടക്കുന്നില്ലെന്നും ഹസൻ പറഞ്ഞു.