medi

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ പി.ജി കോഴ്സുകൾ ഗവ. ജില്ലാ, ജനറൽ ആശുപത്രികളിലും അനുവദിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം. പി.ജി കോഴ്സുകൾക്കായുള്ള റഗുലേഷനിൽ മെഡിക്കൽ കമ്മിഷൻ ഭേദഗതി ചെയ്താണ് കോഴ്സനുവദിക്കാൻ തീരുമാനിച്ചത്. രോഗികൾ കൂടുതലുള്ളതും, ഒട്ടുമിക്ക ചികിത്സാ വിഭാഗങ്ങളുള്ളതുമായ കേരളത്തിലെ 17 ജില്ലാ, 16 ജനറൽ ആശുപത്രികളിൽ എം.ഡി, എം.എസ് തുടങ്ങിയ കോഴ്സുകൾ തുടങ്ങാം. 300സീറ്റുകളെങ്കിലും ലഭിച്ചേക്കും.

മതിയായ സൗകര്യമൊരുക്കി സർക്കാർ അപേക്ഷിച്ചാൽ പി.ജി കോഴ്സുകൾ അടുത്തവർഷം തന്നെ അനുവദിക്കുമെന്ന് മെഡിക്കൽ കമ്മിഷനംഗവും ആരോഗ്യ സർവകലാശാലാ വി.സിയുമായ ഡോ. മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി"യോട് പറഞ്ഞു. ഇതോടെ ജില്ലാ, ജനറൽ ആശുപത്രികളിലെ ചികിത്സാവിഭാഗങ്ങൾ വികസിക്കും. സീറ്രുകളുടെ അത്രയും ഡോക്ടർമാരുടെ സേവനവും ലഭിക്കും.

സർജ്ജറി, മെഡിക്കൽ, അനസ്തീഷ്യ, ഗൈനക്കോളജി അടക്കം പ്രധാനപ്പെട്ട ചികിത്സാ വിഭാഗങ്ങളുണ്ടാവണമെന്നാണ് കമ്മിഷന്റെ മാനദണ്ഡം. കേരളത്തിലെ ജില്ലാ - ജനറലാശുപത്രികളിൽ മിക്കയിടത്തും ഇവയുണ്ട്. ഒരു ബാച്ചിൽ പരമാവധി 15സീറ്റുകളേ ഉണ്ടാവൂ. അതിനാൽ വലിയ ക്ലാസ്‌മുറികളോ ഹോസ്റ്റലുകളോ നിർമ്മിക്കേണ്ടതുമില്ല.

300കിടക്കകളുള്ള ആശുപത്രിയിൽ പ്രധാന ചികിത്സാ വിഭാഗങ്ങളും സി.ടി സ്കാൻ, എം.ആർ.ഐ പോലുള്ള പരിശോധനാ സംവിധാനങ്ങളും വേണമെന്നതാണ് വ്യവസ്ഥ. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലാണ് പി.ജി കോഴ്സുള്ളത്. ‌‌

ഡോക്ടർക്ഷാമം മാറും

 ജില്ലാ, ജനറലാശുപത്രികളിൽ പി.ജി വിദ്യാർത്ഥികൾ വരുന്നതോടെ ഡോക്ടർക്ഷാമം മാറും. 24മണിക്കൂറും സേവനം.

 ചികിത്സാ- പരിശോധനാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഗുണം സാധാരണക്കാർക്കും ലഭിക്കും.

 നീറ്റ് പരീക്ഷയിൽ മികച്ച റാങ്കുള്ളവരാണ് ഗവ. സീറ്റുകളിൽ പ്രവേശനം നേടുന്നത്. അതിനാൽ മികച്ച സേവനം ലഭിക്കും.

'ജില്ലാ, ജനറലാശുപത്രികളിൽ പി.ജി കോഴ്സ് വരുന്നത് കേരളത്തിന് മെച്ചമാണ്. അപേക്ഷിച്ചാൽ നമ്മുടെ ആശുപത്രികളിൽ കോഴ്സ് കിട്ടും''

-ഡോ. മോഹനൻ കുന്നുമ്മേൽ, മെഡിക്കൽ കമ്മിഷനംഗം

പി.ജി ടോപ്പ് 4

 ഗൈനക്കോളജി

 പീഡിയാട്രിക്സ്

 ജനറൽമെഡിസിൻ

 ജനറൽസർജറി