
ബംഗളൂരു : ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയെ പുറത്താക്കി സി.കെ നാണു വിഭാഗം. ഇന്നലെ സി.എം.എ ഹാളിൽ സി.കെ നാണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ടി ദേശീയ പ്ലീനറി സമ്മേളനത്തിലാണ് നടപടി. ഗൗഡയ്ക്ക് പകരം ദേശീയ അദ്ധ്യക്ഷനായി സി.കെ നാണുവിനെ തിരഞ്ഞെടുത്തു. യഥാർത്ഥ ജെ.ഡി.എസ് തങ്ങളുടേതാണെന്ന് സ്ഥാപിച്ച് കിട്ടുന്നതിനും പാർട്ടി ചിഹ്നവും, കൊടിയും അനുവദിച്ചു കിട്ടാനും സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പു കമ്മീഷനെയും സമീപിക്കും.
18 സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തെന്നാണ് നാണു പക്ഷത്തിന്റെ അവകാശവാദം. മൂന്ന് പ്രമേയങ്ങളാണ് ദേശീയ പ്ലീനറി യോഗത്തിൽ അവതരിപ്പിച്ചത്. ഒന്നാമതായി ദേവഗൗഡയെ പുറത്താക്കുന്ന പ്രമേയം പാർട്ടി ആന്ധ്രാ പ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ ഗട്ട് ബാബുവാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ മുഴുവൻ സോഷ്യലിസ്റ്റ് ജനത പരിവാർ സംഘടനകളുമായി ആശയവിനിമയം നടത്തി സോഷ്യലിസ്റ്റ് പുനരേകീകരണ പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കാൻ സി.എം ഇബ്രാഹിമിനെ ചുമതലപ്പെടുത്തുന്ന രണ്ടാം പ്രമേയം കേരളത്തിൽ നിന്നുള്ള പ്രതിനിധിയായ ആർ.എസ് പ്രഭാതാണ് അവതരിപ്പിച്ചത്. നിതീഷ് കുമാർ, ലല്ലു പ്രസാദ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി ജെ.ഡി.എസ് ആശയവിനിമയം നടത്തി സോഷ്യലിസ്റ്റ് പാർട്ടികളുടെ സിൻഡിക്കേറ്റ് രൂപീകരിക്കാനും ധാരണയായി.
ദേശീയ ഭാരവാഹികളെ നിശ്ചയിക്കാനും സംസ്ഥാന പുന:സംഘടന നടത്താനും പുതിയ പ്രസിഡന്റിനെ ചുമതലപ്പെടുത്തി. അടുത്ത ഘട്ടമായി ദേശീയ ഭാരവാഹികളെ പ്രഖ്യാപിക്കും. . സി.കെ നാണു, തകിടി കൃഷ്ണൻ നായർ, വയനാട് ജില്ലാ പഞ്ചായത്തംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാനുമായ ജുനൈദ് കയ്പാണി, ആർ.എസ് പ്രഭാത് എന്നിവരടക്കം കേരളത്തിൽ നിന്ന് 65 പേർ യോഗത്തിൽ പങ്കെടുത്തു.