നെയ്യാറ്റിൻകര: ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി കേരളകൗമുദി ബോധപർണമി ക്ലബ്, ലയൺസ് ഇന്റർനാഷണൽ 318 എ, ജനമൈത്രി പൊലീസ് എന്നിവർ സംയുക്തമായി ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച നിയമ-ലഹരി-സൈബർ ബോധവത്കരണ സെമിനാർ കാട്ടാക്കട ഡിവൈ.എസ്.പി ഷിബു.എൻ ഉദ്ഘാടനം ചെയ്‌തു.
സ്‌കൂൾ രക്ഷാധികാരി അഡ്വ.ജെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധ പൗർണമി സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ഷാജു ജേക്കബ് മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ എം.എസ്.ആദർശ് കുമാർ സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഗവർണർ ബി.അജയകുമാർ മുഖ്യാതിഥിയായിരുന്നു.
സ്‌കൂൾ മാനേജർ അഡ്വ.എസ്.ശ്രീകുമാരി അമ്മ, വേൾഡ് ഹ്യൂമൻ റൈറ്റ്സ് ഡേ ഡിസ്ട്രിക്ട് ചെയർമാൻ അഡ്വ.ആർ.എസ്.ഹരികുമാർ, സ്‌കൂൾ പ്രിൻസിപ്പൽ വി.ശ്രീകല, സ്റ്റാഫ് സെക്രട്ടറി ടി.രാജേഷ് കുമാർ, ജനമൈത്രി പൊലീസ് ഡ്രാമ ടീം ലീഡർ സബ് ഇൻസ്‌പെക്ടർ നസ്രുദീൻ.എ, സി.ഐ അനൂപ്, കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല.എസ്.ഡി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജനമൈത്രി പൊലീസ് അവതരിപ്പിച്ച 'തീക്കളി' നാടകം അരങ്ങേറി.