
വിഴിഞ്ഞം: പവിഴപ്പുറ്റുകളുടെ കഥ പറയുന്ന പുസ്‌തകത്തിന്റെ പ്രകാശനം നാളെ കടലിനടിയിൽ നടക്കും. സ്‌കൂബാ ഡൈവിംഗ് ഇൻസ്ട്രക്ടറും അക്വേറിയം സ്‌പെഷ്യലിസ്റ്റുമായ അരുൺ അലോഷ്യസ് രചിച്ച ' പവിഴപ്പുറ്റുകൾ, കടലിലെ മഴക്കാടുകൾ ' എന്ന പുസ്‌തകമാണ് കോവളത്തെ സമുദ്രത്തിനടിയിൽ രാവിലെ 8ന് പ്രകാശനം ചെയ്യുക.
ബയോഡൈവേഴ്സിറ്റി ബോർഡ് ഗവേഷക അനീഷ ബെനഡിക്ട്, ഡൈവിംഗ് പരിശീലകരായ റിസ് വാന റഫീഫ്,ഗായത്രി ഗോപൻ,അവനി ബാലു എന്നിവർക്ക് നൽകിയാണ് പുസ്‌തക പ്രകാശനം നടത്തുന്നത്. തുടർന്ന് കോവളം ഗ്രോവ് ബീച്ചിൽ നടക്കുന്ന പരിപാടിയിൽ സമത മാനേജിംഗ് ട്രസ്റ്റി പ്രൊഫ.ടി.എ.ഉഷാകുമാരി സ്വാഗതം പറയും. സി എം.എഫ്.ആർ.ഐ മേധാവി ഡോ.ബി.സന്തോഷ് പുസ്‌തക പരിചയം നടത്തും. തുടർന്ന് അരുൺ അലോഷ്യസ് രചനാനുഭവം പങ്കുവയ്‌ക്കും. സ്‌കൂബ കൊച്ചിൻ ഡയറക്ടർ ജസ്റ്റിൻ ജോസ് സംസാരിക്കും. പ്രസാധക രംഗത്തെ പെൺ കൂട്ടായ്‌മയായ സമതയാണ് പരിപാടി സംഘടിപ്പിക്കുന്നത്.