
തിരുവനന്തപുരം: നവകേരള സദസ് അലങ്കോലമാക്കാൻ കോൺഗ്രസ് നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വി.ഡി സതീശൻ, കെ സുധാകരൻ എന്നിവരുടെ അറിവോടെയാണ് അക്രമം. എറണാകുളത്ത് സദസിനു നേരെ കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമത്തിലും സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
സദസ് കണ്ണൂരിലെത്തിയപ്പോൾ മുതൽ തുടങ്ങിയ അക്രമം ഇടയ്ക്ക് വച്ച് നിറുത്തിയെങ്കിലും വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളുടെ പല പ്രസ്താവനകളും അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആരും എതിർക്കുന്നില്ല. എന്നാൽ മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനു നേരെ ഷൂസും, കരിങ്കല്ലും എറിയുന്നതിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞാണോ പ്രതിഷേധമെന്ന് നേതാക്കൾ ആലോചിക്കുന്നത് നല്ലതാണ്. എന്ത് അക്രമമുണ്ടായാലും സംയമനം പാലിച്ച് നവ കേരള സദസ്സ് വിജയിപ്പിക്കണമെന്ന നിർദ്ദേശമാണ് പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്.
കേരളത്തിലെ ജനങ്ങൾ മഹാഭൂരിപക്ഷം നൽകി തിരഞ്ഞെടുത്ത സർക്കാരിന് മുന്നിൽ നവകേരളസദസിലൂടെ ജനങ്ങൾ അവതരിപ്പിച്ച നിരവധി പ്രശ്നങ്ങളാണ് പരിഹരിച്ചിട്ടുള്ളത്. കക്ഷി രാഷ്ട്രീയഭേദമെന്യേ സദസിനെത്തുന്ന ജനങ്ങളെ കണ്ട് വിറളിപൂണ്ട് കല്ലൂം ഷൂസുമായി ഇറങ്ങിയാൽ അതിനനുസരിച്ച് ജനകീയ പ്രതിഷേധം ഉയർന്നു വരും. അക്രമ മാർഗം വെടിഞ്ഞ് ജനാധിപത്യ വഴിയിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രശ്നക്കാരെ തടയുന്നത് അക്രമമല്ല: മുഖ്യമന്ത്രി
നവകേരള സദസിനെതിരെ മന:പൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരെ തടയുന്നത് അക്രമമായി കണക്കാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള ബസിനെതിരെ ഷൂസെറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കു പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. ഇടുക്കി മണ്ഡലത്തിലെ പ്രഭാത സദസിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധം പ്രകോപനം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാനാവില്ല.
മന്ത്രിസഭയെ കാണാൻ തടിച്ചുകൂടി നിൽക്കുന്നവർക്കിടയിൽ നിന്നാണ് പ്രതിഷേധക്കാർ പ്രകോപനം ഉണ്ടാക്കുന്നത്. അത് ആൾക്കൂട്ടത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. അപ്പോൾ ജനക്കൂട്ടത്തിന്റേതായ വികാരപ്രകടനം ഉണ്ടാവുന്നത് സ്വാഭാവികമാണ്. അവിടെ പ്രശ്നം പരിഹരിക്കാൻ പൊലീസ് ഉണ്ടാവണമെന്നില്ല.
സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് എന്തിനാണെന്ന ബോധ്യംപോലുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനാവശ്യമായി കൈകടത്തുന്ന ഗവർണർക്കെതിരെയാണ് കെ.എസ്.യു പ്രതിഷേധിക്കേണ്ടത്. ജനാധിപത്യ പ്രക്രിയയിലെ വലിയ സംഭവമായാണ് ജനങ്ങൾ നവകേരള സദസിനെ കാണുന്നത്. അതിനാലാണ് ആരും നിർബന്ധിക്കാതെ അവർ എത്തുന്നത്. ഇതാണ് നാടിന്റെ വികാരമെന്ന് ഉൾക്കൊണ്ട് ബഹിഷ്കരണമെന്ന തെറ്റ് തിരുത്തി നാടിനോട് മാപ്പ് പറയാൻ കോൺഗ്രസും യു.ഡി.എഫും തയ്യാറാവണം. ഇതിലും വലിയ പ്രതിഷേധം ഉണ്ടായാലും സർക്കാർ മന്നോട്ടു പോകും.
ഇന്ന് തേക്കടിയിൽ മന്ത്രിസഭായോഗം
ഇന്നു രാവിലെ 9ന് തേക്കടിയിലെ ബാംബു ഗ്രോവ് ഹോട്ടലിലാണ് മന്ത്രിസഭായോഗം ചേരുക. തുടർന്ന് വണ്ടിപ്പെരിയാറിലെ സമ്മേളനത്തിനു ശേഷം നവകേരള സദസ് കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും.