
തിരുവനന്തപുരം: വിവിധ ജില്ലകളിൽ എൽ.പി./യു.പി സ്കൂൾ ടീച്ചർ ഉൾപ്പടെ 35 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
കേരള പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (കെമിസ്ട്രി, ബയോളജി, ഡോക്യുമെന്റ്, ഫിസിക്സ്), കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം), കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, വിവിധ ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ തുടങ്ങിയ സംസ്ഥാന,ജില്ലാ തലങ്ങളിൽ ജനറൽ, എൻ.സി.എ,സ്പെഷ്യൽ റിക്രൂട്ടമെന്റ് വിഭാഗങ്ങളിലാണ് വിജ്ഞാപനം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി - മൂന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 401/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി തുടങ്ങി വിവിധ തസ്തികയിലേക്ക് അഭിമുഖം നടത്താനും സാദ്ധ്യതാപട്ടിക, ചുരുക്കപ്പട്ടിക എന്നിവ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
പി.എസ്.സി കായികക്ഷമതാ പരീക്ഷ
തിരുവനന്തപുരം: ആംഡ് പൊലീസ് ബറ്റാലിയനിൽ സബ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 165/2022), വിവിധ ജില്ലകളിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 410/2021), ഹവിൽദാർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 481/2021) തസ്തികകളിലേക്ക് ആലപ്പുഴ ജില്ലയിൽ 18, 19, 20, 21, 22 തീയതികളിൽ ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്. ഗ്രൗണ്ടിലും കോട്ടയം ജില്ലയിൽ 14, 15, 16, 18, 19, 20 തീയതികളിൽ നാട്ടകം ഗവ.കോളേജ് ഗ്രൗണ്ടിലും വയനാട് ജില്ലയിൽ 16, 18, 19, 20, 21, 22 തീയതികളിൽ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലും രാവിലെ 5.30 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. അന്നേ ദിവസം തന്നെ സർട്ടിഫിക്കറ്റ് പരിശോധന നടക്കുന്നതിനാൽ യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തശേഷം അസൽ രേഖകൾ സഹിതം ഹാജരാകണം. സീനിയർ സിവിൽ പൊലീസ് ഓഫീസർ, ഹവിൽദാർ തസ്തികകൾക്ക് അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയ്ക്കായി സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കും.
അഭിമുഖം
ഭക്ഷ്യസുരക്ഷാ വകുപ്പിൽ (ഗവൺമെന്റ് അനലിറ്റിക്കൽ ലാബ്) മൈക്രോബയോളജിസ്റ്റ് (കാറ്റഗറി നമ്പർ 55/2019) തസ്തികയിലേക്ക് 13ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികയിൽ ഇ/ടി /ബി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 26നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 – 2741713.