തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിഷ്ക്രിയമായ സാഹചര്യത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും ലോക്‌സഭയിൽ ശൂന്യ വേളയിൽ അവതരിപ്പിച്ച പ്രമേയത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ വികസന മുരടിപ്പിന് പ്രധാന കാരണം മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടിയ ഗുരുതരമായ അനാസ്ഥയും കേന്ദ്രസർക്കാരിന്റെ അവഗണനയുമാണ്. കൃത്യമായ തീർത്ഥാടക - ക്യൂ മാനേജ്മെന്റ് സംവിധാനത്തിന്റെ അഭാവമാണ് ഭക്തർക്ക് ദുരിതം നൽകുന്നത്. സംസ്ഥാന പൊലീസിന് മാത്രം തിരക്ക് നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ, നൂറനാടുള്ള ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ സഹായം തേടണമെന്നും കൊടിക്കുന്നിൽ നിർദ്ദേശിച്ചു.