
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. പി. അനിൽകുമാറാണ് കേസ് പരിഗണിച്ചത്. തനിക്കെതിരേ ചുമത്തിയ നരഹത്യാ കുറ്റത്തിനെതിരായി വാദം പറയാൻ സമയം വേണമെന്ന ശ്രീറാമിന്റെ ആവശ്യം പരിഗണിച്ച് കേസ് ജനുവരി 16ലേക്ക് മാറ്റി. ശ്രീറാമും കേസിലെ മറ്റൊരു പ്രതി വഫ നജീബും നേരത്തേ വിടുതൽ ഹർജി നൽകിയിരുന്നു. വഫയെ കുറ്റവിമുക്തയാക്കിയ കോടതി നേരത്തേ ശ്രീറാമിനെതിരായ മനപൂർവമല്ലാത്ത നരഹത്യാ കുറ്റം ഇളവു ചെയ്ത് അശ്രദ്ധമായി വാഹനമോടിച്ച കുറ്റം മാത്രമാക്കി. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ച് ജില്ലാ കോടതിയുടെ ഉത്തരവ് റദ്ദാക്കി. ഇതിനെതിരേ ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവച്ചു. ഇതേത്തുടർന്നാണ് ശ്രീറാം വിചാരണ നേരിടുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനടുത്ത് ശ്രീറാമിന്റെ കാറിടിച്ച് ബഷീർ മരിച്ചത്.
ഐ.പി.എസ് സ്ഥാനക്കയറ്റം: പുനഃപരിശോധന 15ന്
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 20 സൂപ്രണ്ടുമാർക്ക് ഐ.പി.എസ് ലഭിക്കാൻ സംസ്ഥാനം നൽകിയ പട്ടിക പുനഃപരിശോധിക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം 15ന് രാവിലെ പത്തരയ്ക്ക് ഡൽഹിയിലെ യു.പി.എസ്.സി ആസ്ഥാനത്ത് നടക്കും. 2019, 2020 ബാച്ചുകളിലായാണ് 20 ഒഴിവുകളുള്ളത്. ഇരുപത് എസ്.പിമാർക്ക് ഐ.പി.എസ് ലഭിക്കാൻ സംസ്ഥാന സർക്കാർ അയച്ച പട്ടിക കേന്ദ്രം നേരത്തേ തിരിച്ചയച്ചിരുന്നു. 2021ൽ 14ഉം 2022ൽ 5ഉം ഒഴിവുകളാണുള്ളത്. 2020ലെ പട്ടികയിൽ താത്കാലികമായി ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ 2021ലെ പട്ടികയിലുൾപ്പെടുത്തി ആകെ 20 ഒഴിവുകളാക്കി. ഇതിന്റെ മൂന്നിരട്ടി പേരുകൾ കേന്ദ്രത്തിനയച്ചു. ഒഴിവുകൾ നിശ്ചയിക്കാൻ കേന്ദ്രത്തിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടിക തിരിച്ചയച്ചത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എറണാകുളം ബെഞ്ചിന്റെ ഉത്തരവ് പ്രകാരമാണ് പട്ടിക പുനഃപരിശോധിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.വേണു, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവരെ സർക്കാർ നിയോഗിച്ചു.