shahana

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി. ജി. വിദ്യാർത്ഥിനി വെഞ്ഞാറമൂട് ജാസ് മൻസിലിൽ ഡോ. ഷഹന ആത്മഹത്യചെയ്ത കേസിൽ പ്രതിയായ കരുനാഗപ്പളളി അയണിമേൽകുളങ്ങര സ്വദേശി ഡോ. റുവൈസിന്റെ ജാമ്യ ഹർജി കോടതി തള്ളി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കാതറിൻ തരേസ ജോർജ്ജാണ് ജാമ്യം നിരസിച്ചത്. കേസന്വേഷണം പ്രാരംഭ ദിശയിലാണെന്നും പ്രതിയുടെ ഫോണിൽ നിന്ന് ഷഹനയുടെ സന്ദേശങ്ങൾ അടക്കമുളള രേഖകൾ കണ്ടെത്താനുണ്ടെന്നുമുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ കുമാറിന്റെ വാദം കോടതി അംഗീകരിച്ചു.

പ്രതിയുടെ പിതാവ് ഒളിവിലാണ്. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിച്ച് കേസ് ദുർബലമാക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി. ജി വിദ്യാർത്ഥിയും പി. ജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമാണ് റുവൈസ്. ഷഹനയുമായി പ്രണയത്തിലായിരുന്ന റുവൈസ് വിവാഹത്തിന് വൻ സ്ത്രീധനം ചോദിച്ചതാണ് ആത്മഹത്യയ്ക്കിടയാക്കിയത്. ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.