#തലസ്ഥാനത്ത് കാർ തടഞ്ഞ് കരിങ്കൊടി കാട്ടി

# 17 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

governor

തിരുവനന്തപുരം: രാജ് ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ എസ്.എഫ്. ഐ പ്രവർത്തകർക്ക് ഇടയിലേക്ക് ചാടിയിറങ്ങി വെല്ലുവിളിച്ചു. നടുറോഡിൽ നിന്ന് ഉച്ചത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. സമരക്കാരും അമ്പരന്നുപോയി.

മൂന്നിടത്തു കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയതോടെയാണ് ഗവർണർ നേരിട്ട് ഇറങ്ങിയത്.

"കമോൺ, ആവോ, മുഛേ മാരോ" (വരൂ, എന്നെ അടിക്കൂ) എന്നു പറഞ്ഞ് അവർക്കിടയിലേക്ക് ചെല്ലുകയായിരുന്നു.

മൂന്നു സംഭവങ്ങളിലുമായി 17 പേരെ അറസ്റ്റു ചെയ്തു. ഏഴുപേരെ റിമാൻഡ് ചെയ്തു.

പാളയത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിലും ജനറൽ ആശുപത്രിക്കു മുന്നിലും പേട്ട പള്ളിമുക്കിലുമായിരുന്നു പ്രതിഷേധം. യൂണിവേഴ്സിറ്റിയുടെ മുന്നിൽ മുപ്പതോളം പേരാണ് വാഹനം തടഞ്ഞുവച്ച് ബോണിറ്റിലും കാറിന്റെ വിൻഡോയിലും ഇടിച്ചത്.

പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് അമ്പതു മീറ്റർ മാത്രം അകലെ കേരള കൗമുദി സ്ക്വയറിനു മുന്നിൽവച്ച് തടയാൻശ്രമിച്ചപ്പോഴാണ് രോഷാകുലനായി ബ്ളഡി ക്രിമിനൽസ് എന്നുവിളിച്ചുകൊണ്ട് ഗവർണർ ചാടി ഇറങ്ങിയത്.

. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്നെ കായികമായി നേരി‌ടാൻ ശ്രമിക്കുന്നതെന്ന് നടുറോഡിൽ നിന്ന് കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് ശ്രമിച്ചപ്പോൾ,

അവരുടെ ഇടയിലേക്ക് ചെന്നു. പൊലീസ് പൊടുന്നനെ ഗവർണർക്ക് സുരക്ഷാ വലയം തീർത്തു.

"സീനിയർ ഓഫീസർ എവിടെ" എന്നായി ഗവർണർ. ശംഖുംമുഖം എ.സി.പി അനുരൂപ് ഓടിയെത്തി. "അറസ്റ്റ് ദിസ് ബ്ളഡി ക്രിമിനൽസ് "എന്ന് രോഷാകുലനായി നിർദേശിച്ചു. പൊലീസുകാർ പ്രതിഷേധക്കാ‌രിൽ ചിലരെ ജീപ്പിൽ കയറ്റി.

മൂന്നുപേർ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതുകണ്ട് ജീപ്പിനടുത്തേക്ക് ഗവർണർ എത്തി. "ഗവർണർ ഗോബാക്ക് " എന്ന് എസ്.എഫ്.ഐക്കാർ മുദ്രാവാക്യം മുഴക്കി. ക്ഷുഭിതനായ ഗവർണർ 'അറസ്റ്റ് ദിസ് ഗുണ്ടാസ്' എന്നു കല്പിച്ചു . പൊലീസ് സമരക്കാരെ പേട്ട സ്റ്റേഷനിലെത്തിച്ച് സെല്ലിലടച്ചു. ഡൽഹിക്കു പോകാനായിരുന്നു ഗവണറുടെ യാത്ര.

മൂന്നര കിലോമീറ്ററിനിടെ

മൂന്നിടത്ത് കരിങ്കൊടി

വൈകിട്ട് 6.50;

സർവകലാശാല ലൈബ്രറിക്ക് മുന്നിൽ വച്ച് മുപ്പതോളം പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീണു. വാഹനം നിറുത്തിയതോടെ ബോണറ്റിലും ഗ്ളാസിലും ഇടിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവത്തിലാണ് ഏഴുപേർ റിമാൻഡിലായത്.

6.55: ജനറൽ ആശുപത്രിക്കു മുന്നിൽ വീണ്ടും കരിങ്കൊടികാട്ടി. വാഹനം തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഞ്ചുപേരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.

7.00

പേട്ട പൊലീസ് സ്റ്റേഷൻ കടന്ന ഉടൻ പതിനഞ്ചോളം സമരക്കാർ പൈലറ്റ് വാഹനത്തിന് മുന്നിലേക്ക് ചാടിവീണു. കാർ നിറുത്തിച്ച് ഗവണർ പുറത്തേക്ക്. അഞ്ചുപേരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.