rajbhavan

തിരുവനന്തപുരം: ഗവർണർക്കും മുഖ്യമന്ത്രിക്കും ഒരുപോലെ ഇസ‍ഡ് പ്ലസ് സുരക്ഷയാണെങ്കിലും ഗവർണറെ ആർക്കും വഴിയിൽ തടയാമെന്ന അവസ്ഥയായി. ഇതോടെ ഗവർണറുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചേക്കും.

സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് ഗവർണർ കേന്ദ്രത്തിന് പ്രതിമാസ റിപ്പോർട്ട് നൽകാറുണ്ട്. ഇതിൽ സുരക്ഷാവീഴ്ചയും തനിക്കുനേരേ ആക്രമണത്തിന് ശ്രമിച്ചതും ഗവർണർ ചൂണ്ടിക്കാട്ടും.

നേരത്തേ രാജ്ഭവന്റെ സുരക്ഷ കേന്ദ്രസേനയ്ക്കായിരുന്നു. അർദ്ധസൈനിക വിഭാഗമായ സി.ആർ.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവൻ അടങ്ങിയ കവടിയാർ മേഖലയിൽ ആർമി ആക്ട് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നതും പരിഗണിച്ചേക്കും. ഇക്കാര്യങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തിയിരുന്നു.

മുഖ്യമന്ത്രിക്ക് വൻ

സുരക്ഷാ കവചം

28കമാൻഡോകളടക്കം 40 പൊലീസുകാർ മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവും. സ്ട്രൈക്കർ ഫോഴ്സ്, ബോംബ്, ഡോഗ് സ്ക്വാഡുകളും ആംബുലൻസ് എന്നിവയുമുണ്ട്. പൈലറ്റും 2എസ്‌കോർട്ടും സ്പെയർ കാറും പുറമേ.

 പരിപാടികളിൽ ദ്രുതകർമ്മസേനയെയും എസ്.ഐ.എസ്.എഫിനെയും വിന്യസിക്കും. ഇതിനു പുറമേ പ്രദേശത്തെ എസ്.പി, സ്പെഷ്യൽബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റൊരു 40പൊലീസുകാർ കൂടി വാഹനവ്യൂഹത്തിനൊപ്പം ചേരും. ഇതോടെ മുഖ്യമന്ത്രിക്കൊപ്പം 16വാഹനങ്ങളാവും.

 മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ അര മണിക്കൂർ മുൻപേ പൊലീസിനെ വിന്യസിക്കും. വാഹനപാർക്കിംഗ് പൂർണമായി തടയും. 15മിനിറ്റ് മുൻപ് മറ്റ് വാഹനങ്ങളെ തടഞ്ഞിടും. രണ്ടു മണിക്കൂർ മുൻപ് വേദിയും ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കും.

ഗവർണർക്ക് ഇതിന്റെ പകുതി സുരക്ഷ പോലുമില്ല.