
ജമ്മു കാശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നൽകുന്ന അനുച്ഛേദം 370ഉം 35 (എ)യും റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇന്നലെ ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഓരോ ഇന്ത്യക്കാരനും വിലമതിക്കുന്ന ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും വിധിയിലൂടെ കോടതി ഉയർത്തിപ്പിടിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനം ഭരണഘടനാപരമായ സംയോജനം മെച്ചപ്പെടുത്തുന്നതിനായിരുന്നെന്നും, അത് ശിഥിലീകരണമല്ലെന്നും സുപ്രീം കോടതി കൃത്യമായി നിരീക്ഷിച്ചു. അനുച്ഛേദം 370 ശാശ്വതമല്ലെന്ന വസ്തുതയും കോടതി അംഗീകരിച്ചു.
ജമ്മു, കശ്മീർ, ലഡാക്കിലെ അതിമനോഹര ഭൂപ്രകൃതികൾ, ശാന്തമായ താഴ്‌വരകൾ, പ്രൗഢിയാർന്ന പർവതങ്ങൾ എന്നിവ തലമുറകളായി കവികളുടെയും കലാകാരന്മാരുടെയും സാഹസികരുടെയും ഹൃദയം കവർന്നിട്ടുണ്ട്. ഉദാത്തമായതിനെ അസാധാരണമായത് കണ്ടുമുട്ടുന്ന ഇടമാണിത്. ഹിമാലയം ആകാശത്തെ ചുംബിക്കുന്ന, തടാകങ്ങളിലെയും നദികളിലെയും നിർമലമായ ജലം ആകാശത്തെ പ്രതിഫലിപ്പിക്കുന്ന ഇടമാണിത്. എന്നാൽ, കഴിഞ്ഞ ഏഴു ദശകങ്ങളായി ഈ ഇടങ്ങൾ ഏറ്റവും മോശമായ അക്രമത്തിനും അസ്ഥിരതയ്ക്കും സാക്ഷ്യം വഹിച്ചു.
ആശയക്കുഴപ്പം
എന്ന അപകടം
നിർഭാഗ്യവശാൽ, നൂറ്റാണ്ടുകളായുള്ള കോളനിവൽക്കരണം കാരണം നമ്മൾ ഒരുതരത്തിൽ ആശയക്കുഴപ്പത്തിലായ സമൂഹമായി മാറി. വളരെ അടിസ്ഥാനപരമായ കാര്യങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിനുപകരം, ആശയക്കുഴപ്പത്തിലേക്കു നയിക്കുന്ന ദ്വൈതഭാവം നാം അനുവദിച്ചു. സങ്കടകരമെന്നു പറയട്ടെ, ജമ്മു കാശ്മീർ അത്തരമൊരു മാനസികാവസ്ഥയുടെ വലിയ ഇരയായി മാറി. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്, ദേശീയോദ്ഗ്രഥനത്തിന് പുതിയ തുടക്കം കുറിക്കാനുള്ള അവസരം നമുക്കുണ്ടായിരുന്നു. അതിനു പകരം, ദീർഘകാല ദേശീയ താത്പര്യങ്ങളെ അവഗണിക്കുകയാണെങ്കിലും ആശയക്കുഴപ്പത്തിലായ സമൂഹത്തിന്റെ സമീപനം തുടരാൻ നാം തീരുമാനിച്ചു.
ജീവിതത്തിന്റെ തുടക്കംമുതൽ ജമ്മു കശ്മീർ ആന്ദോളനുമായി ബന്ധപ്പെടാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീർ കേവലം രാഷ്ട്രീയ പ്രശ്നമല്ലാതിരുന്ന പ്രത്യയശാസ്ത്ര ചട്ടക്കൂടിലാണ് ഞാനുള്ളത്. പക്ഷേ, അത് സമൂഹത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു. ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് നെഹ്രു മന്ത്രിസഭയിൽ സുപ്രധാന വകുപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് ദീർഘകാലം ഗവണ്മെന്റിന്റെ ഭാഗമാകുകയും ചെയ്യാമായിരുന്നു. എന്നിട്ടും, കശ്മീർ പ്രശ്നത്തിന്റെ പേരിൽ അദ്ദേഹം രാജിവയ്ക്കുകയും, ജീവൻ പണയംവച്ചും കഠിനമായ പാതയ്ക്കു മുൻഗണന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രയത്നവും ത്യാഗവും കോടിക്കണക്കിന് ഇന്ത്യക്കാരെ കാശ്മീർ വിഷയവുമായി വൈകാരികമായി അടുപ്പിക്കാൻ കാരണമായി.
എന്റെ വിശ്വാസം,
എന്റെ ആഗ്രഹം
ജമ്മു കശ്മീരിൽ സംഭവിച്ചത് നമ്മുടെ രാജ്യത്തോടും അവിടെ താമസിക്കുന്നവരോടും ചെയ്ത വലിയ വഞ്ചനയാണെന്ന് എപ്പോഴും ഞാൻ ഉറച്ചു വിശ്വാസിച്ചിരുന്നു. ഈ കളങ്കം, ജനങ്ങളോടു ചെയ്ത ഈ അനീതി, ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നത് എന്റെ ശക്തമായ ആഗ്രഹമായിരുന്നു. അടിസ്ഥാനപരമായി പറഞ്ഞാൽ, അനുച്ഛേദം 370ഉം 35(എ)യും വലിയ പ്രതിബന്ധങ്ങൾ പോലെയായിരുന്നു. അത് തകർക്കാനാകാത്ത ഭിത്തിയായി എനിക്കു തോന്നി. അത്, ജമ്മു കാശ്മീരിലെ ജനങ്ങൾക്ക്, അവരുടെ സഹ ഇന്ത്യക്കാർക്കു ലഭിച്ച അവകാശങ്ങളും വികസനവും ഒരിക്കലും ലഭിക്കില്ലെന്നാണ് ഉറപ്പാക്കിയത്. ഈ അനുച്ഛേദങ്ങൾ കാരണം, ഒരേ രാജ്യത്തിലെ ജനങ്ങൾക്കിടയിൽ അകലം സൃഷ്ടിക്കപ്പെട്ടു. ഈ അകലം കാരണം, പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നവർക്കു പോലും, അവിടത്തെ ജനങ്ങളുടെ വേദന വ്യക്തമായി തിരിച്ചറിയാനായിട്ടും പരിഹാരത്തിനു കഴിഞ്ഞില്ല.
ഒരു കാര്യത്തിൽ എനിക്ക് വ്യക്തതയുണ്ടായിരുന്നു- ജമ്മു കാശ്മീരിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു; അവരുടെ ശക്തിയുടെയും നൈപുണ്യത്തിന്റെയും അടിസ്ഥാനത്തിൽ രാഷ്ട്രത്തിന്റെ വികസനത്തിനു സംഭാവന നൽകാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ കുട്ടികളുടെ മെച്ചപ്പെട്ട ജീവിതനിലവാരവും, അക്രമമോ അനിശ്ചിതത്വമോ ഇല്ലാത്ത ജീവിതവും അവർ ആഗ്രഹിക്കുന്നു. അങ്ങനെ, പൗരന്മാരുടെ ആശങ്കകൾ മനസിലാക്കൽ; പിന്തുണയിലൂടെ വിശ്വാസം വളർത്തിയെടുക്കൽ; വികസനം, വികസനം, കൂടുതൽ വികസനം എന്നീ എന്നീ മൂന്ന് സ്തംഭങ്ങൾക്ക് ഞങ്ങൾ പ്രാധാന്യം നൽകി.
കാശ്മീരിന്റെ
വിധി മാറുന്നു
2014ൽ, ഞങ്ങൾ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലുണ്ടായ വെള്ളപ്പൊക്കത്തിൽ, താഴ്‌വരയിൽ ധാരാളം നാശനഷ്ടങ്ങളുണ്ടായി. 2014 സെപ്തംബറിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഞാൻ ശ്രീനഗറിലേക്കു പോയി. പുനരധിവാസത്തിനു പ്രത്യേക സഹായമായി 1000 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ പിന്തുണയ്ക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെയാണ് ഇതു സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ജനങ്ങളെ കണ്ടുമുട്ടാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഇടപെടലുകളിൽ പൊതുവായ ഒരു കണ്ണിയുണ്ടായിരുന്നു- ജനങ്ങൾ വികസനം മാത്രമല്ല, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപകമായ അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു
അതേ വർഷം, ജമ്മു കശ്മീരിൽ നമുക്ക് നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. ആ ദിവസം അവിടെയായിരിക്കാനും ഞാൻ തീരുമാനിച്ചു. ജമ്മു കാശ്മീരിന്റെ വികസന യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മന്ത്രിമാർ ഇടയ്ക്കിടെ അവിടെപ്പോയി ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഈ സന്ദർശനങ്ങൾ ജമ്മു കാശ്മീരിൽ സൗഹാർദ്ദം വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 2015- ലെ പ്രത്യേക പാക്കേജ് ജമ്മു കാശ്മീരിന്റെ വികസന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ പ്രധാന ചുവടുവയ്പായി.
മൈതാനങ്ങളിൽ
നട്ടുവളർത്തിയത്
യുവാക്കളുടെ സ്വപ്നങ്ങൾ ജ്വലിപ്പിക്കുന്നതിനുള്ള കഴിവു തിരിച്ചറിഞ്ഞ് ജമ്മു കശ്മീരിൽ കായികരംഗത്തിന്റെ കരുത്ത് ഞങ്ങൾ ഉപയോഗപ്പെടുത്തി. പ്രാദേശിക ഫുട്ബാൾ ക്ലബ്ബുകളുടെ ക്രമീകരണം പ്രോത്സാഹിപ്പിക്കുകയായിരുന്നു ഏറ്റവും സവിശേഷമായ കാര്യം. പ്രതിഭാധനയായ ഫുട്‌ബാൾ താരം അഫ്‌ഷാൻ ആഷിഖിന്റെ പേരാണ് മനസിൽ വരുന്നത്- 2014 ഡിസംബറിൽ ആ പെൺകുട്ടി ശ്രീനഗറിൽ കല്ലെറിഞ്ഞ സംഘത്തിന്റെ ഭാഗമായിരുന്നു. ശരിയായ പ്രോത്സാഹനത്തോടെ അവൾ കാൽപ്പന്തിലേക്കു തിരിഞ്ഞു. അവളെ പരിശീലനത്തിനയച്ചു. ഫിറ്റ് ഇന്ത്യ സംഭാഷണങ്ങളിലൊന്നിൽ അവളുമായി സംവദിച്ചത് ഞാൻ ഓർക്കുന്നു.
ഓഗസ്റ്റ് 5 എന്ന ചരിത്ര ദിനം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു. അനുച്ഛേദം 370 റദ്ദാക്കാനുള്ള തീരുമാനം നമ്മുടെ പാർലമെന്റ് പാസാക്കി. അതിനുശേഷം ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ വലിയ മാറ്റം സംഭവിച്ചു. 2023 ഡിസംബറിലാണ് ജുഡിഷ്യൽ കോടതി വിധി വന്നതെങ്കിലും ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുടനീളമുള്ള വികസന തരംഗങ്ങൾ കണ്ടപ്പോൾ പാർലമെന്റിന്റെ തീരുമാനത്തെ ജനകീയ കോടതി പ്രശംസിച്ചു.
വിശ്വാസത്തിന്റെ
അടയാളങ്ങൾ
രാഷ്ട്രീയ തലത്തിൽ, കഴിഞ്ഞ നാലു വർഷം, താഴേത്തട്ടിലുള്ള ജനാധിപത്യത്തിൽ പുതുക്കിയ വിശ്വാസത്തോടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ, ഗോത്രവർഗക്കാർ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് അർഹമായത് ലഭിച്ചിരുന്നില്ല. അതോടൊപ്പം, ലഡാക്കിന്റെ അഭിലാഷങ്ങൾ തീർത്തും അവഗണിക്കപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് 5 എല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ഭയമോ പക്ഷപാതമോ കൂടാതെ ബാധകമായ എല്ലാ കേന്ദ്ര നിയമങ്ങളും പ്രാതിനിദ്ധ്യവും കൂടുതൽ വ്യാപകമായിരിക്കുന്നു- ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നു, ബി.ഡി.സി തിരഞ്ഞെടുപ്പ് നടന്നു, വിസ്മരിക്കപ്പെട്ട അഭയാർഥി സമൂഹങ്ങൾ വികസനത്തിന്റെ ഫലം ആസ്വദിക്കാൻ തുടങ്ങി.
കാശ്മീർ എന്ന
പുതിയ ഭൂമി
കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന പദ്ധതികൾ പരിപൂർണത കൈവരിക്കുന്ന ഘട്ടത്തിലെത്തി. അതിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി. ഭവന നിർമാണം, കുടിവെള്ള പൈപ്പ് കണക്ഷൻ, സാമ്പത്തിക ഉൾച്ചേർക്കൽ എന്നിവയിൽ പുരോഗതി കൈവരിച്ചു. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ നവീകരണത്തിന് സാക്ഷ്യം വഹിച്ചു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഗർത്തമായിരുന്ന സർക്കാർ ജോലി ഒഴിവുകൾ സുതാര്യമായി നികത്തി. വിനോദസഞ്ചാരത്തിനുള്ള ഉത്തേജനവും എല്ലാവർക്കും കാണാൻ കഴിയുന്നതാണ്. വികസനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഈ നല്ല മാറ്റത്തിന്റെ ചാലകശക്തിയാകാൻ തയ്യാറാണെന്നും ആവർത്തിച്ചു തെളിയിച്ച ജമ്മു കാശ്മീരിലെ ജനങ്ങളുടെ അതിജീവനശേഷിക്കാണ് ഇതിന്റെ ഖ്യാതി സ്വാഭാവികമായും ലഭിക്കുക.
ഇപ്പോൾ ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിന് സുപ്രീം കോടതി കരുത്തേകിയിരിക്കുന്നു. നമ്മെ നിർവചിക്കുന്നത് ഐക്യത്തിന്റെ ബന്ധങ്ങളും സദ്‌ഭരണത്തോടുള്ള പങ്കാളിത്ത പ്രതിബദ്ധതയുമാണെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. ഇന്ന് ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒഴിഞ്ഞ ക്യാൻവാസിലാണ് ജനിക്കുന്നത്. അവിടെ അവർക്ക് ഊർജസ്വലമായ അഭിലാഷങ്ങൾ നിറഞ്ഞ ഭാവി വരയ്ക്കാനാകും. ഇനി ജനങ്ങളുടെ സ്വപ്നങ്ങൾ ഭൂതകാലത്തിന്റെ തടവിലല്ല; ഭാവിയുടെ സാദ്ധ്യതകളിലാണ്. ഇവിടെ, വികസനം, ജനാധിപത്യം, അന്തസ് എന്നിവ മോഹഭംഗം, നിരാശ, വിഷാദം എന്നിവയ്ക്കു പകരമാകുകയും ചെയ്തിരിക്കുന്നു.