പാലാ: നവകേരളസദസുമായി ബന്ധപ്പെട്ട് പരിപാടി നടക്കുന്ന പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ കവാടത്തിലുൾപ്പെടെ സ്ഥാപിച്ച കട്ടൗട്ട് കറുത്ത പെയിന്റൊഴിച്ച് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങൾക്ക് മേലാണ് കൂടുതലായി കറുത്ത പെയിന്റ് പ്രയോഗം നടന്നത്. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവമെന്ന് കരുതുന്നു.അതേസമയം സംഭവത്തിൽ പ്രതിയെക്കുറിച്ച് പാലാ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. നവകേരളസദസ് സംഘാടകസമിതി കൺവീനർ കൂടിയായ പാലാ ആർ.ഡി.ഒ. പി.ജി.രാജേന്ദ്രബാബു കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത നവകേരള സദസ് സ്വാഗത കമാനത്തിലുൾപ്പെടെയാണ് കറുത്ത പെയിന്റ് ഒഴിച്ചത്. സംഭവത്തിൽ ചില സി.സി.ടി.വി. ദൃശ്യങ്ങൾ പാലാ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം നടത്തുന്നത്. കൈലിമുണ്ട് മടക്കിക്കുത്തി ഫുൾകൈ ഷർട്ടിട്ട് തലയും മുഖവും തുണികൊണ്ട് മറച്ചയാൾ പെയിന്റുമായി വരുന്നതും കട്ടൗട്ടിന് മേൽ ഒഴിക്കുന്നതും തിരക്കിട്ട് തിരികെ പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

നവകേരളസദസിന് മുനിസിപ്പൽ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതിനെതിരെ യു.ഡി.എഫും എൻ.ഡി.എ.യും സമരപരിപാടികളുമായി രംഗത്തുവന്നിരുന്നു. സ്റ്റേഡിയം നശിപ്പിക്കരുതെന്ന് കാട്ടി യു.ഡി.എഫ്. ഇടപെട്ട് ഹൈക്കോടതിയിൽ കൊടുത്ത കേസിന്റെ വാദം ഡിസംബർ 14ന് നടക്കും.

യുവമോർച്ച പ്രതിഷേധമാർച്ച് 12 ന്

കോടികൾ മുടക്കി പണിത പാലാ മുനിസിപ്പൽ സ്റ്റേഡിയം നശിപ്പിക്കുന്നതിനെതിരെ 12ന് നവകേരളസദസ് നടത്തുന്ന വേദിയിലേക്ക് യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തും.