
തിരുവനന്തപുരം: മൂന്നു പേരുടെ സൗഹൃദം കാണുന്ന സംവിധായകൻ. മനസിലുള്ള കഥയും ഇവരുടെ സൗഹൃദവും കൂട്ടിയോജിപ്പിക്കാൻ തീരുമാനിക്കുന്നു. തീർന്നില്ല, ഈ മൂന്നു പേരെയും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഏല്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന 'തടവ്'ആണ് ആ സിനിമ, സംവിധായകൻ ഫാസിൽ റസാഖ്.
സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഗീതയെന്ന അങ്കണവാടി ടീച്ചറെ അവതരിപ്പിച്ചത് ബീനയാണ്. ബീനയുടെ അയൽക്കാരിയായ സ്‌കൂൾ അദ്ധ്യാപിക ഉമയായി അനിത വേഷമിട്ടു. ഇവരുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരൻ ഹംസയുടെ റോളിൽ സുബ്രഹ്മണ്യനുമെത്തുന്നു. ഇനി ജീവിതത്തിലെ ഇവരുടെ വേഷം. മൂന്നു പേരും പട്ടാമ്പി സ്വദേശികൾ. പരുതൂർ സി.ഇ.യു.പി. സ്‌കൂളിലെ അദ്ധ്യാപകരാണ് ബീന ആർ. ചന്ദ്രനും അനിതയും. സ്‌കൂളിനടുത്തുള്ള പള്ളിപ്പുറം സഹകരണ ബാങ്കിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യൻ. കഥാഗതിയുമായോ അതിലെ ട്വിസ്റ്റുകളുമായോ തങ്ങൾക്ക് ബന്ധമില്ലെന്ന് ഇവർ പറയുന്നു.
അനിതയും ബീനയും 28 വർഷമായി ഒന്നിച്ച് ജോലിചെയ്യുന്നു. സ്കൂളിലെ നാടക ക്ലബ് നിയന്ത്രിക്കുന്നതും ഇവർ തന്നെ. അഭിനയവും സാഹിത്യവും ചർച്ച ചെയ്യുന്നവരുടെ സൗഹൃദക്കൂട്ടിലേക്ക് സുബ്രഹ്മണ്യൻ എത്തിയത് ബീനയുമായുള്ള സൗഹൃദത്തിലൂടെ. ഒരേ നാട്ടുകാരാണ് ബീനയും സുബ്രഹ്മണ്യനും. രണ്ടുപേരും നാടകപ്രവർത്തകരും.
'തടവ്' സിനിമ ബീനയിലേക്കും അനിതയിലേക്കും എത്തുന്നത് സുബ്രഹ്മണ്യൻ വഴിയാണ്.ഫാസിൽ റസാഖ് മുമ്പ് സംവിധാനം ചെയ്ത രണ്ട് ഷോർട്ട് ഫിലിമുകളിൽ സുബ്രഹ്മണ്യൻ അഭിയിച്ചിട്ടുണ്ട്.
സിനിമ ചെയ്യുന്ന കാര്യം ഫാസിൽ പറഞ്ഞിരുന്നു. പക്ഷേ, ഇങ്ങനെയൊക്കെയാകുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. 'ആരൊക്കെയാണ് അഭിനയിക്കുന്നത് എന്ന് ചോദിച്ചപ്പോൾ നിങ്ങളൊക്കെയാണ് കഥാപാത്രങ്ങൾ എന്നു മാത്രം പറഞ്ഞിരുന്നു. പിന്നീടാണ് അത് നമ്മൾ മൂന്നുപേരുമാണെന്ന് വ്യക്തമാക്കിയത്.അപ്പോഴേക്കും അത്ഭുതമായി''
ചലച്ചിത്രമേളയിൽ സിനിമയ്ക്ക് കൈയടി കിട്ടുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ടെന്ന് ബീന പറയുന്നു. ''ഈ കഥാപാത്രമാകാൻ വല്ലാതെ ബുദ്ധിമുട്ടി. കഥാപാത്രമായി മാറി വൈകാരികമായ രംഗങ്ങളിൽ അഭിനയിക്കുന്തോറും എന്റെ ഉള്ളിൽ കഥാപാത്രം കടന്നുകയറിയെന്ന് പറയാം. പിന്നെ സിനിമ കഴിഞ്ഞിട്ടും അതിൽ നിന്നു പുറത്തുവരാൻ ബുദ്ധിമുട്ടി''- ബീന പറഞ്ഞു.
''പരസ്പരം കുടുംബാംഗങ്ങളെ പോലെയാണ് ഞങ്ങൾ. അതിനാൽ സിനിമയിൽ അഭിനയിക്കേണ്ടിവന്നില്ല. ഞങ്ങൾ സാധാരണ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതുപോലെ തന്നെയായിരുന്നു ക്യാമറയ്ക്കു മുന്നിലും.''- അനിത പറഞ്ഞു.
2019ലാണ് തടവ് എന്ന സിനിമയെപ്പറ്റി ചർച്ച ചെയ്തു തുടങ്ങിയതെന്ന് സംവിധായകൻ ഫാസിൽ റസാഖ് പറഞ്ഞു.ഇവരുടെ സൗഹൃദം കണ്ടപ്പോൾ ഇവർ തന്നെയാകട്ടെ കഥാപാത്രങ്ങൾ എന്നു തീരുമാനിക്കുകയായിരുന്നു. അത് ശരിയെന്ന് തെളിയിക്കുന്നതാണ് പ്രേക്ഷകരുടെ കരഘോഷം- സംവിധായൻ പറഞ്ഞു.