തിരുവനന്തപുരം: എല്ലാം പെട്ടെന്നായിരുന്നു, ഗവർണറുടെ വാഹനം വന്നയുടൻ പ്രതിഷേധക്കാർ ചാടിയിറങ്ങി കരിങ്കൊടി കാണിക്കുന്നു. പേട്ട പള്ളിമുക്ക് കേരളകൗമുദി സ്‌ക്വയറിൽ ഗവർണർ വാഹനം നിറുത്തി പുറത്തിറങ്ങി. ഇരുവശവും പൊലീസ് സൈറൻ മാത്രം. ഗവർണർ ഇറങ്ങിവന്നതോടെ ഒരേസമയം പൊലീസുകാരും നാട്ടുകാരും പ്രതിഷേധക്കാരും അന്ധാളിച്ചു.
സുരക്ഷ നോക്കാതെ ഗവർണർ പ്രതിഷേധക്കാർക്കിടയിലേക്ക്. പള്ളിമുക്കിന് സമീപത്തുള്ള കടകളിൽ നിന്നവരും കാൽനട യാത്രക്കാരും ഞെട്ടി. പ്രതിഷേധിച്ച എസ്.എഫ്.ഐക്കാർ പോലും ഗവർണർ വാഹനം നിറുത്തി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചില്ല. ചിലർക്ക് കൗതുകം, ചിലർക്ക് ആശങ്ക, ചിലർ എന്താണ് സംഭവമെന്നറിയാതെ ഞെട്ടി. തുടർന്നുള്ള 15 മിനിട്ട് സമയത്ത് നാടകീയ രംഗങ്ങൾ. തുടർന്ന് സുരക്ഷാവീഴ്ചയിൽ ഗവർണറുടെ ശകാരം. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ജനങ്ങളുടെ മുന്നിൽ വച്ച് ശകാരം കേൾക്കേണ്ടി വന്നതിന്റെ നാണക്കേടിലായിരുന്നു.
ഗവർണറുടെ ശകാരം കേട്ടു നിന്നവർ ' അപ്പോൾ ഗവർണർ ഇങ്ങനെ ശകാരിക്കുമോ എന്ന് ചോദ്യമുന്നയിച്ചു. ' ഗവർണറല്ലേ കാറിൽ നിന്നിറങ്ങിയത്, ഞങ്ങൾ പ്രതീക്ഷിച്ചില്ല. എന്തുചെയ്യാൻ ' എന്ന് ഒരു സിവിൽ പൊലീസ് ഓഫീസർ പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. ''ഗവർണറുടെ വാഹനം നിറുത്തിയതോടെ റോഡിന്റെ രണ്ട് ഭാഗവും സ്‌തംഭിച്ചു. 10 മിനിട്ടോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പ്രതിഷേധക്കാർ എല്ലാം സ്റ്റേഷനിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഗവർണർ ഡൽഹിയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയത്.