തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ (നിഷ) ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ശംഖുംമുഖം അസിസ്റ്രന്റ് കമ്മിഷണർ സി.അനുരൂപിന്റെ മേൽനോട്ടത്തിൽ പൂന്തുറ സി.ഐ പ്രദീപിനാണ് അന്വേഷണച്ചുമതല. കെ 9 സ്‌ക്വാഡിലെ എസ്.ഐയും അന്വേഷണ സംഘത്തിലുണ്ട്.
വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പബ്ലിക് ലബോറട്ടറിയിലേക്ക് അയച്ച കല്യാണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കും. അതിനു ശേഷമാകും വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുക. ഫലം ലഭിക്കുന്നതിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട മറ്റു പരിശോധനകളും നടത്തും. പോസ്റ്റുമോർട്ടം നടത്തിയ ഡോക്‌ടറുടെയും പരിശീലകരുടെയും മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
മസ്‌തിഷ്‌കാർബുദം ബാധിച്ച നായയ്ക്ക് നൽകിയിരുന്ന മരുന്നുകൾ തുടർച്ചയായി ഉപയോഗിച്ചാൽ വിഷാംശം ശരീരത്തിൽ പ്രകടമാകാൻ സാദ്ധ്യതയുണ്ടോയെന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കെമിക്കൽ റിയാക്ഷൻ മൂലം ശരീരത്തിൽ ഏതൊക്കെ സാഹചര്യത്തിൽ വിഷാംശം ഉണ്ടാകാമെന്നതിനെക്കുറിച്ച് വ്യക്തത വരുത്താൻ ഈ മേഖലയിലെ വിദഗ്ദ്ധരുടെ സഹായവും തേടും. നായയുടെ ഉള്ളിലെത്തിയ വിഷത്തിന്റെ അളവ് എത്രയെന്നും എപ്പോഴൊക്കെയാണ് ഉള്ളിലെത്തിയതെന്നും കണ്ടെത്തണം. ഭക്ഷണത്തിൽ പലപ്പോഴായി കലർത്തി നൽകിയതാണോയെന്നതും ഉറപ്പാക്കേണ്ടതുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല. കെ 9 സ്‌ക്വാഡിലെ മറ്റു നായ്‌ക്കളെ പരിശോധിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നില്ല. സിറ്റി കെ 9 സ്‌ക‌്വാഡിലെ ഇൻസ്‌പെക്ടർ റാങ്കിലുള്ള ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട കല്യാണി കഴിഞ്ഞ മാസം 20നാണ് ചത്തത്. സംഭവത്തെ തുടർന്ന് മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു.