
കല്ലമ്പലം: അക്ഷയശ്രീ എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ട്രസ്റ്റ് ചെയർമാന്റെ വസതിയിലേക്ക് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇരകളുടെ മാർച്ചും ധർണയും നടന്നു. അക്ഷയശ്രീയിൽ അംഗങ്ങളായ 44 വനിതകളുടെ പേരിൽ 25 ലക്ഷത്തോളം രൂപയാണ് ആലംകോടിന് സമീപമുള്ള സഹകരണ സ്ഥാപനത്തിൽ നിന്ന് വായ്പയായി നൽകി സ്വകാര്യ ട്രസ്റ്റിലേക്ക് മാറ്റിയതെന്ന് സി.പി.എം ആരോപിച്ചു. പണം നഷ്ടപ്പെട്ട അക്ഷയശ്രീ അംഗങ്ങൾക്ക് പണം മടക്കി നൽകാൻ പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.എം.റഫീഖ് അദ്ധ്യക്ഷനായി. നഗരൂർ ഷിബു സ്വാഗതവും എസ്.കെ.സുനി നന്ദിയും പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.മടവൂർ അനിൽ, ഏരിയ സെക്രട്ടറി അഡ്വ.തട്ടത്തുമല ജയചന്ദ്രൻ,എം.കെ.രാധാകൃഷ്ണൻ, രജിത്ത് നഗരൂർ തുടങ്ങിയവർ സംസാരിച്ചു.