k

'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക്, എന്നിട്ട് തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും ഞാൻ ആരാണെന്നും'

വർഷങ്ങൾക്ക് മുമ്പിറങ്ങി വൻ ഹിറ്റായ 'തേൻമാവിൻകൊമ്പത്ത് ' എന്ന പ്രിയദർശൻ ചിത്രത്തിൽ കുതിരവട്ടം പപ്പു പറയുന്ന പ്രസിദ്ധമായ സംഭഷാഷണമാണിത്. വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോഴും ചലച്ചിത്ര പ്രേമികൾ ആവർത്തിച്ച് ആസ്വദിക്കുന്ന നർമ്മസംഭാഷണം. എത്രയാവർത്തി കേട്ടാലും ഇതിന്റെ പൊരുൾ പിടികിട്ടണമെങ്കിൽ പെടാപ്പാട് പെടും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും എല്ലാം പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഈ സംഭാഷണമാണ് ഓർമ്മവരിക. നവകേരള ജാഥയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്, സി.പി.എം പ്രവത്തകർ പാതയോരത്ത് കൈകാര്യം ചെയ്തപ്പോൾ ആൾക്കാർ എന്തെല്ലാം പറഞ്ഞു. പക്ഷെ അത് ജീവൻരക്ഷാ പ്രവർത്തനമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോഴാണ് ഏവർക്കും ബോദ്ധ്യമായത്. പാവം, സി.പി.എമ്മിനെ വെറുതെ സംശയിച്ചു. ഏതായാലും ഈ നേതാക്കളും മന്ത്രിമാരുമൊക്കെ ഓരോരോ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആകെ 'കൺഫൂഷനാവുകയാ'.

നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കണ്ണൂർ ജില്ലയിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചതോടെയാണ് സുഖചികിത്സയുടെ തുടക്കം. കരിങ്കൊടി വീശാനെത്തിയ യൂത്തനെ ഒറ്റതിരിഞ്ഞു കിട്ടിയപ്പോൾ ഇരുമ്പുകമ്പി, ചെടിച്ചട്ടി, ഹെൽമറ്റ് തുടങ്ങിയ നിത്യോപയോഗ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡി.വൈ.എഫ്.ഐക്കാരും സി.പി.എം പ്രവർത്തകരും ചേർന്നു സുഖചികിത്സയ്ക്ക് വിധേയനാക്കിയത്. ചികിത്സാ കർമ്മത്തിന് മുഖ്യമന്ത്രി എ പ്ളസ് ഗ്രേഡ് നൽകിയതോടെ ഡിഫി ആശാന്മാർക്ക് ആവേശം ഇരട്ടിച്ചു. നമ്പിയും നാഥനുമില്ലാത്ത അവസ്ഥയിൽ കഴിയുന്ന യൂത്തന്മാരെ തല്ലുകയോ കൊല്ലുകയോ ചെയ്താലും ആരുമില്ലല്ലോ ചോദിക്കാൻ. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണെങ്കിൽ സംഘടനാപരമായ തിരക്കുകളും ഗ്രൂപ്പ് പോരിന്റെ പരിഹാരക്രിയകളും ലോക് സഭയിലെ തിരക്കുമെല്ലാം കാരണം യൂത്തന്മാരെ വേണ്ടപോലെ ശ്രദ്ധിക്കാനാവുന്നില്ല. പിന്നെയുള്ളത് പ്രതിപക്ഷ നേതാവ് വി.‌ഡി.സതീശനാണ്. ഭംഗിയായി അലക്കി തേച്ച ഖദറും ധരിച്ച്, ചിക്കൻ കാല് കടിച്ചുപിടിച്ചിട്ടെന്ന മട്ടിൽ ആകാശത്തിന് കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും അനർഗ്ഗള നിർഗ്ഗളം നെടുങ്കൻ പ്രഭാഷണം നടത്തുന്ന സതീശൻ, എങ്ങനെ ഉത്തമകോൺഗ്രസുകാരനാവാമെന്ന് ഗവേഷണം നടത്തുകയാണ്. രാഷ്ട്രീയ എതിരാളികളെ നോവിക്കാതിരിക്കുക, ആശയപരമായി മാത്രം അവരെ എതിരിടുക, വഴിമുടക്കിയും ശരീരം വിയർത്തും നൊന്തുമൊക്കെയുള്ള അപരിഷ്കൃത സമര മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക, തന്നെ ആരെങ്കിലും തല്ലാൻ വന്നാൽ അടുത്തു നിൽക്കുന്ന കോൺഗ്രസുകാരനെ മറയാക്കി രക്ഷപ്പെടുക തുടങ്ങി അഹിംസാപരമായ മാർഗ്ഗങ്ങളിലാണ് അദ്ദേഹത്തിന് വിശ്വാസം. പറ്റുമെങ്കിൽ മൂന്ന് നേരവും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി ഇന്ത്യൻഭരണഘടനയും പീനൽകോഡുമൊക്കെ ഉദ്ധരിച്ച് സാധാരണക്കാരന്റെ കണ്ണുതെള്ളിച്ച് താനൊരു 'വിജ്ഞാന പണ്ടാര'മാണെന്ന് വരുത്തി തീർക്കാനും അദ്ദേഹം ഉത്സാഹം കാട്ടാറുണ്ട്.

പക്ഷെ ഈ കെ.എസ്.യുക്കാർക്ക് വല്ല വിവരവുമുണ്ടോ. വി.ഡി.സതീശനെപ്പോലുള്ള ദേശസ്നേഹികളും മനുഷ്യസ്നേഹികളും ഗാന്ധിയന്മാരും കോൺഗ്രസിനെ സഹനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് യൂത്തന്മാർക്ക് പിന്നാലെ കെ.എസ്.യുക്കാരും നവകേരള സദസിനെ കളങ്കപ്പെടുത്താൻ റോഡിലിറങ്ങിയിരിക്കുന്നത്. യൂത്തന്മാർ കരിങ്കൊടി കൈയിലേന്തിയാണ് പ്രതിഷേധിച്ചതെങ്കിൽ കെ.എസ്.യുക്കാർ ഷൂസാണ് പകരം കൈയിലേന്തിയത്. പക്ഷെ ബാറ്റാ കമ്പനിയുടെ കറുപ്പുനിറമുള്ള ഷൂസ് തിരഞ്ഞെടുക്കാനുള്ള ഔചിത്യം അവർ കാട്ടിയെന്ന് പറയാതെ വയ്യ. ഇവിടെ പക്ഷെ ജീവൻരക്ഷാ പ്രവർത്തനത്തിന് ഡി.വൈ.എഫ്.ഐക്കാർ മാത്രമല്ല ഇറങ്ങിയത്, പൊലീസും മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ കമാൻഡോസും ഒരുപോലെ സഹകരിച്ചു. ജീവൻ രക്ഷിച്ച ശേഷം അവർക്ക് സുഖചികിത്സയും നൽകി. കൈവശമുള്ള ലാത്തികൊണ്ട് കാൽമുട്ടിന്15 സെന്റീമീറ്റർ താഴെയായിട്ടാണ് കമാൻഡോസ് ഒരു കെ.എസ്.യുക്കാരന് ഉഴിച്ചിൽ നടത്തിയത്. പിഴിച്ചിൽ പൊലീസ് വണ്ടിയിൽ കയറ്റിയ ശേഷവും. സ്ഥലത്തു നിന്ന് നാണത്താൽ ഓടിപ്പോകാൻ ശ്രമിച്ച കെ.എസ്.യുക്കാരനെയും ഡിഫിക്കാർ റോഡ്സൈഡിൽ സുഖ ചികിത്സയ്ക്ക് വിധേയനാക്കി. പ്രധാനപ്പെട്ട മർമ്മ സ്ഥാനങ്ങളിലെല്ലാം ഒരുവിധം ഭംഗിയായി അവർ തേപ്പും തടവുമൊക്കെ നടത്തി. കൂട്ടത്തിൽ ചവുട്ടി തിരുമ്മാനുള്ളശ്രമത്തിനിടെ തോട്ടിൽ വീണുപോയ ഡിഫിക്കാരനെ കൂട്ടുകാർ ഒരുവിധമാണ് മുകളിലെത്തിച്ചത്. ഷൂസ് ഏറും പ്രതിഷേധവും തുടർന്നാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം മുഖ്യമന്ത്രി ഇതിന് പിന്നാലെ വിശദമാക്കുകയും ചെയ്തു. മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളുവെങ്കിലും പൊലീസിന് അതുകൊണ്ടു മതിയായില്ല. രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടിയ പൊലീസ് ഷൂസ് എറിഞ്ഞ കെ.എസ്.യുക്കാർക്കെതിരെ വധശ്രമത്തിന് തന്നെ കേസെടുത്തു. അങ്ങനെ ഷൂസും മാരകായുധത്തിന്റെ പട്ടികയിലുൾപ്പെട്ടു. യഥാർത്ഥത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി കാലിലുണ്ടായിരുന്ന ഷൂസ് ഒരു 'പ്രത്യേക ഏക്ഷനിൽ' അന്തരീക്ഷത്തിലേക്ക് ചുഴറ്റി എറിഞ്ഞ് പ്രത്യേക പ്രകമ്പന ശബ്ദം ഉണ്ടാക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിക്ക് മനസിലായെങ്കിലും പൊലീസിന് പിടികിട്ടിയില്ല. പക്ഷെ പ്രതികളുമായി കോടതിയിൽ എത്തിയപ്പോഴാണ് വശംകെട്ടത്. ഷൂസ് മാരകായുധമാണെന്ന് ഇതുവരെ മനസിലാക്കാത്ത കോടതി, എന്തിനാണ് വധശ്രമത്തിന് കേസെടുത്തതെന്ന് ചോദിച്ചപ്പോൾ, കുന്തം വിഴുങ്ങിയ പോലെ പൊലീസ് അറ്റൻഷനിലായി.

പക്ഷെ ഈ ജീവൻരക്ഷാ പ്രവർത്തകർ കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാനെ കണ്ടപ്പോൾ, തങ്ങളുടെ ദൗത്യം മറന്നുപോയി. കരിങ്കൊടി വീശി ഗവർണറുടെ ജീവൻ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്. ഗവർണർക്ക് അവരുടെ ഉദ്ദേശശുദ്ധി മനസിലായുമില്ല. ഇനി അഥവാ ഡിഫിക്കാരോ, എസ്.എഫ്.ഐ കുഞ്ഞുങ്ങളോ ഒന്നു കരിങ്കൊടി കാണിച്ചാൽ തന്നെ ഇത്രയും പ്രശ്നമാക്കേണ്ടതുണ്ടോ. ഏതായാലും സംഭവത്തിൽ ഇപ്പോൾ കുറ്റക്കാരനായത് ഗവർണർ തന്നെ. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയം ആർക്കെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി സി.പി.എം സംസ്ഥാന സെക്രട്ടറിയും അഭിനവ താത്വികാചാര്യനുമായ എം.വി.ഗോവിന്ദനോട് ചോദിച്ചാൽ മതി. ഗവർണറുടെ ഭാഗത്തു നിന്നുണ്ടായ പാളിച്ചകൾ അദ്ദേഹം അക്കമിട്ടു നിരത്തും.

ഇതുകൂടി കേൾക്കണേ

പാഠം ഒന്ന്- മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസുകാരോ കെ.എസ്.യുക്കാരോ കരിങ്കൊടി കാണിക്കുന്നത് അക്ഷന്തവ്യമായ തെറ്റ്.

പാഠം രണ്ട് -കരിങ്കൊടി പ്രയോഗം നടത്തുന്നത് എസ്.എഫ്.ഐ യോ ഡിഫിയോ ആണെങ്കിൽ കാണേണ്ടി വരുന്നത് ഗവർണറാണെങ്കിൽ കൂടി അത് അപരാധമല്ല.