
എഴുമംഗലം കവിതകൾ എന്ന പുസ്തകത്തിലൂടെ ബുക്കർ മീഡിയ പബ്ലിക്കേഷൻസ് ഡോ. എഴുമംഗലം കരുണാകരന്റെ പദ്യകൃതികളുടെ സമാഹാരം അവതരിപ്പിച്ചിരിക്കുന്നു. എഴുമംഗലത്തിന്റെ തൂലികയിൽ പിറന്ന നാഗരികതയുടെ നഗ്നതയും ഗ്രാമീണതയുടെ ജീർണ്ണതയുമാണ് ഈ കവിതാ സമാഹാരത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 1936ൽ പത്തനംതിട്ടയിലെ തട്ടയിൽ ജനിച്ച കരുണാകരൻ കവി, ഫോക്ലോറിസ്റ്റ്, പ്രഭാഷകൻ, അദ്ധ്യാപകൻ, സംസ്കൃത സർവകലാശാലാ രജിസ്ട്രാർ, കേരള ഫോക് ലോർ സെന്റർ ആൻഡ് തിയേറ്റർ സ്ഥാപകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. കേരളത്തിന്റെ പാബ്ളോ നെരൂദ എന്ന് ഇ.എം.എസ് വിശേഷിപ്പിച്ച കവിയായിരുന്നു ഡോ. എഴുമംഗലം കരുണാകരൻ.
എഴുമംഗലം കവിതകൾക്ക്, എഴുത്തുകാരനും മുൻ കേരള സ്പെഷൽ സെക്രട്ടറിയുമായ കെ. സുദർശനൻ എഴുതിയ അവതാരികയുടെ ഒരു ഭാഗം ശ്രദ്ധിക്കുക: ഒ.എൻ.വിയും പി. ഭാസ്കരനും വയലാറും തിരുനല്ലൂരും പുതുശ്ശേരിയും നിറഞ്ഞാടിയ മലയാളത്തിന്റെ ശോണദശകത്തിൽ കൊണ്ടാടപ്പെടാതെ പോയ കവിയാണ് അദ്ദേഹം. നിസ്വരെയും നിസ്സഹായരെയും നോക്കി നട്ടെല്ലിൽ കൊടികെട്ടാം, നമുക്കീ നഷ്ടം നാളെ നികത്തീടാം എന്ന് ആവേശത്തോടെ ആഹ്വാനം ചെയ്ത വിപ്ളവകാരി. അംഗീകാരങ്ങൾക്കും അവാർഡുകൾക്കും വേണ്ടി യാചകവേഷം കെട്ടാതെ പിന്മുറയിലെ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പുരസ്കാരങ്ങൾകൊണ്ട് അനുഗ്രഹിക്കാനും ജീവിതത്തിന്റെ സുവർണദശകങ്ങൾ അദ്ദേഹം മാറ്റിവച്ചു. സാധാരണക്കാരന്റെ കുതിപ്പും കിതപ്പും തൊട്ടറിഞ്ഞ്, ആ ജീവിതങ്ങളുടെ ചൂരും ചൂടും കാവ്യത്തിലാക്കിയ ഈ ഏകാന്തയാത്രികന്റെ സംഭാവനകൾ ഇന്ന് വിസ്മൃതിയിലാണ്.
അമ്പതുകളിൽ ലളിതഗാനങ്ങളും ജനകീയ കവിതകളും എഴുതിയാണ് എഴുമംഗലം കരുണാകരൻ ശ്രദ്ധേയനാകുന്നത്. ആകാശവാണിക്കും മറ്റുമായി അക്കാലത്ത് എഴുതിയ ധാരാളം ഗാനങ്ങളും 'പൂവും പ്രസാദവും" എന്ന സമാഹാരവും ഈ പുസ്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്കക്കിനാക്കൾ, കൂമ്പെടുക്കുന്ന കവിതകൾ, മോണിംഗ് സിക്ക്നെസ്സും ചില പെറ്റി ബൂർഷ്വാ കവിതകളും ബലികുടീരങ്ങളുടെ ദാഹം, നാട്ടരങ്ങ് എന്നിവയാണ് മറ്റ് പ്രധാന സമാഹാരങ്ങൾ. കൂടാതെ, കൊച്ചുറാണി എന്ന ഖണ്ഡകാവ്യവും. പിന്നീട് കവിതകൾ പുസ്തകമാക്കുന്നതിൽ എന്തുകൊണ്ടോ അദ്ദേഹം വിമുഖനായി.
ഗൗതമബുദ്ധന്റെ ആരും കാണാത്ത മുഖമാണ് ബുദ്ധൻ എന്ന കവിതയിൽ ആദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നത്. താൻ കൊട്ടാരം വിട്ടിറങ്ങിയതും ചെങ്കോൽ വലിച്ചെറിഞ്ഞതും ത്യാഗി ആയതുകൊണ്ടല്ല എന്ന് തെളിച്ചുപറയുകയാണ് ബുദ്ധൻ. എഴുമംഗലത്തിന്റെ ഏറ്റവും ശക്തമായ കവിതകളിൽ ഒന്നാണ് കവിയുടെ ധിക്കാരം. സിംഹാസനങ്ങളെ സ്തുതിച്ചു പാടിക്കൊണ്ടിരുന്ന കങ്കാളജന്മങ്ങളിൽ നിന്ന് വ്യത്യസ്തനും ആത്മാഭിമാനിയുമായ കവിയെയാണ് ഇവിടെ കാണുന്നത്.
മലയാളത്തിൽ സാമാന്യത്തിലധികം പ്രശസ്തനായ കവിയാണ് എഴുമംഗലം എന്നു പറഞ്ഞുകൊണ്ടാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 'ബലികുടീരങ്ങളുട ദാഹം" എന്ന സമാഹാരത്തിന്റെ അവതാരിക ആരംഭിക്കുന്നത്. അത്യാധുനികർ എന്നറിയപ്പെടുന്ന കവികളിൽ നിന്ന് തുലോം വ്യത്യസ്തനാണ് കരുണാകരൻ എന്നും കഴിഞ്ഞ പുരുഷാന്തരത്തിൽ യുഗപ്രഭാവമായിരുന്ന ആശാന്റെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും പാരമ്പര്യത്തിലൂടെയാണ് അദ്ദേഹവും കടന്നുപോയിട്ടുള്ളത് എന്നും അസന്ദിഗ്ദ്ധമായ ഭാഷയിൽ മുണ്ടശ്ശേരി മാഷ് പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ പ്രസ്താവനയെ സാധൂകരിക്കാൻ പ്രാപ്തമാണ് ഈ സമാഹാരത്തിലെ എല്ലാ കവിതകളും.
നാഗരികതയുടെ നഗ്നതയും ഗ്രാമീണതയുടെ ജീർണതയും ഒരേ ആർജ്ജവത്തോടെ എഴുമംഗലം കാവ്യവിഷയമാക്കി. മിക്ക രചനകളിലും വിമർശനമുനയുള്ള ഹാസ്യം എഴുന്നുനിന്നിരുന്നു. അല്ലെങ്കിലും, വിമർശനത്തിന്റെ ശിഖരങ്ങളിൽ ആക്ഷേപഹാസ്യം മുളയ്ക്കുന്നത് സ്വാഭാവികം. മനുഷ്യാവസ്ഥയുടെ അതിസാധാരണമായ ഉയർച്ചതാഴ്ചകൾ സമൂഹമനസ്സിൽ സമർത്ഥമായി പതിപ്പിക്കുന്ന ആ മാസ്മരവിദ്യ മിക്ക രചനകളിലും കാണാം. ഉപരിതലവർത്തിയായ അടിമമനസ്സല്ല; മറിച്ച്, നിശിതമായ വിമർശനപരതയാണ് എഴുമംഗലം കവിതകളെ വേറിട്ടതാക്കുന്നത്. കെ. സുദർശന്റെ അവതാരികയ്ക്കൊപ്പം പ്രഭാ വർമ്മ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരുടെ അവതാരികകളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.