
എ.ഹേമചന്ദ്രൻ
മുൻ ഡി.ജി.പി
ശബരിമല തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തൻമാർക്ക് സുഗമമായി ദർശനം നടത്തി മടങ്ങാൻ കഴിയാത്ത നിലവിലെ സ്ഥിതിയ്ക്ക് ശാശ്വത പരിഹാരം വേണം. അത് ദീർഘകാലാടിസ്ഥാനത്തിൽ ഭാവിയെ മുന്നിൽ കണ്ടുള്ളതുകൂടിയാകണം. ഇക്കാര്യത്തിൽ എല്ലാവകുപ്പുകൾക്കും വ്യക്തതവേണം. വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് ശബരിമലയിൽ നടക്കുന്നത്. പ്രത്യേകിച്ച് ദേവസ്വം ബോർഡും പൊലീസും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് ആഭ്യന്തരമായി പരിഹരിക്കണം. മറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ പുറത്തേക്ക് വിളിച്ച് പറഞ്ഞാൽ അത് മൊത്തം സംവിധാനത്തിന്റെ തകരാറായി ചിത്രീകരിക്കും.ഇതിനോട് അയ്യപ്പൻമാർ വൈകാരികമായി പ്രതികരിക്കും. യാഥാർത്ഥ പ്രശ്നം ആരും കാണാതെ പോകും.
ഇവിടെ പ്രശ്നം ക്രമാതീതമായ തിരക്കാണ്. ഇത് പെട്ടന്ന് ഉണ്ടായതല്ല. കഴിഞ്ഞ 20വർഷത്തെ സ്ഥിതി പരിശോധിച്ചാൽ കാലക്രമേണ അയ്യപ്പഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. അത് ഇനിയും വർദ്ധിക്കും. എന്നാൽ ശബരിമലയ്ക്ക് താങ്ങാവുന്നതിന് ഒരു പരിധിയുണ്ട്. ആ യാഥാർത്ഥ്യം ഉൾക്കൊള്ളണം. ഒരു ദിവസം എത്രപേർക്ക് മലചവിട്ടി സുഗമമായി ദർശനം നടത്തി മടങ്ങാമെന്നതിൽ വ്യക്തതവരണം. ഇക്കാര്യം ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നിർണയിച്ച് പരസ്യപ്പെടുത്തിയാൽ ഭക്തർക്ക് അത് അനുസരിച്ചുള്ള മുന്നൊരുക്കം നടത്താനാകും. വെർച്വൽ ക്യൂ വഴി പാസ് എത്രപേർക്ക് അനുവദിക്കൂന്നുവെന്നതിലും കൃത്യത വേണം. വെർച്വൽ ക്യൂവിൽ പാസെടുക്കുന്നതിനെക്കാൾ അധികമായി ഭക്തർ അല്ലാതെ വരുമെന്ന് മുൻകൂട്ടി കാരണം. ഒരു സമയം പതിനട്ടൊം പടി എത്രപേർ ചവിട്ടുമെന്ന കൃത്യമായി കണക്ക് വേണം. ഒരു പരിധിയിൽ കൂടുതൽ വേഗത്തിൽ അയ്യപ്പൻമാരെ മുകളിലേക്ക് വലിച്ചുകയറ്റുന്നത് പ്രായോഗികമല്ല. അത് പൊലീസുകാർക്കും അയ്യപ്പൻമാർക്കും ശാരീരിക ബുദ്ധിമുട്ടുണ്ടാക്കും. ശബരിമലയിലെ തിരക്ക് എല്ലാ ദിവസവും ഒരു പോലെയല്ല, ചില ദിവസങ്ങളിൽ മാത്രമാണ് സംവിധാനങ്ങൾക്ക് താങ്ങാനാവാകുന്നതിന് അപ്പുറത്തേക്ക് അത് മാറുന്നത്. അവിടെയാണ് മുന്നൊരുക്കത്തോടെ സമീപിക്കേണ്ടത്. മുൻകൂർ ബുക്കിംഗ് എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിനെ ഒരു സൂചനയായി കണ്ട് മുന്നൊരുക്കം നടത്തണം.
എവിടെ തടയണം,സൗകര്യങ്ങളൊരുക്കണം
തിരക്ക് വർദ്ധിക്കുമ്പോൾ സ്വാഭാവികമായും അയ്യപ്പൻമാരെ തടയേണ്ടിവരും. പക്ഷേ എവിടെ തടയണം എന്നതാണ് പ്രധാന പ്രശ്നം. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത റോഡരികലും കാനനപാതയിലും ഭക്തരെ തടയരുത്. ഇതിന് കൃത്യമായ പോയിന്റുകൾ കണ്ടെത്തണം. നിലയ്ക്കൽ പമ്പ റൂട്ടിലും കാനനപാതയിലും ഒരുപോലെ ഈ ക്രമീകരണം ഒരുക്കണം. ഈ പോയിന്റുകളിൽ കുടിവെള്ളവും ലഘു ഭക്ഷണങ്ങളും ലഭ്യമാക്കണം. മാത്രമല്ല സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ തിരക്കിനെ കുറിച്ച് കൃത്യമായ ധാരണ ഭക്തർക്ക് നൽകണം. എന്ത് സഹായത്തിനും തങ്ങൾ ഒപ്പമുണ്ടെന്ന ബോദ്ധ്യം ഭക്തരിലുണ്ടാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിയണം. ഈ പോയിന്റുകളിൽ ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കണം. ഈ സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തും അയ്യപ്പൻമാരെ തടഞ്ഞിടരുത്. എത്ര പോയിന്റുകൾ ക്രമീകരിക്കണമെന്നും തിരക്ക് കൂടുമ്പോഴും ഇല്ലാത്തപ്പോഴും ഏത് തരത്തിൽ കടത്തിവിടണമെന്നുമുള്ള കാര്യങ്ങൾ വകുപ്പുകൾ കൂട്ടായി ആലോചിച്ച് വ്യക്തത വരുത്തി, പരസ്യപ്പെടുത്തണം.
ക്യൂ മണിക്കൂറുളോളം നിശ്ചലമാകരുത്
ദർശനത്തിനായി മലകയറി എത്തുന്ന ഭക്തരെ ക്യൂവിൽ മണിക്കൂറുളോളം തടഞ്ഞിടരുത്. അത് അവരെ അസ്വസ്ഥരാക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള ഔദ്ധ്യോഗിക കാനനപാത കൂടാതെ ഓരോ കാലത്തും പുതിയ പാതകൾ ചിലർ കണ്ടെത്തും. ഇതെല്ലാം നടപ്പന്തലിൽ വന്നെത്തും. മുൻകാലങ്ങളിൽ ഇത്തരം വഴികൾ കണ്ടെത്തി അവിടെ നിയന്ത്രിച്ചിരുന്നു. സമീപകാലത്ത് പുതിയ വഴികൾ രൂപപ്പെട്ടിട്ടുണ്ടോയന്ന് കണ്ടെത്തണം. ഇത്തരത്തിൽ മറ്റുവഴികളിലൂടെ വലിയൊരുകൂട്ടം നടപ്പന്തലിൽ എത്തുന്നതോടെ ക്യൂവിന്റെ വേഗത കുറയും മണിക്കൂറുളോളം നിശ്ചലമാകുന്ന സ്ഥിതിയുണ്ടാകും.
ഭിന്നതവേണ്ട,ഒരുലക്ഷ്യം മാത്രം
കേരളത്തിനകത്തും പുറത്തുനിന്നെത്തുന്ന അയ്യപ്പൻമാർക്കും വിവിധ വകുപ്പുകളിൽ നിന്ന് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ശബരിമലയിൽ ഒരു ലക്ഷ്യംമാത്രമേയുള്ളു സുഗമമായ ദർശനം. അയ്യപ്പൻമാർ ദർശനത്തിനെത്തുമ്പോൾ അത് ഒരുക്കി നൽകുകയാണ് ഉദ്യോഗസ്ഥരുടെ ചുമതല. അവിടെ ഭിന്നത വേണ്ട. എല്ലായ്പ്പോഴും ആൾക്കൂട്ട നിയന്ത്രണം പൊലീസിന്റെ ഉത്തരവാദിത്വമാണ്. കാരണം എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പൊലീസുകാരാണ് മറുപടി പറയേണ്ടത്. എന്നാൽ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും പങ്കാളിത്തതോടെ മാത്രമേ എല്ലാ കാര്യങ്ങളും ശബരിമലയിൽ നടപ്പാക്കാനാകൂ.എന്നാൽ മാത്രമേ അയ്യപ്പൻമാർക്ക് സുഗമമായ ദർശനം സാദ്ധ്യമാകൂ.