k

തിങ്കളാഴ്ച സന്ധ്യയ്ക്ക് രാജ്‌ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെട്ട സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങൾ സകല അതിരുകളും ലംഘിക്കുന്നതായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു ഗവർണർക്കും ഇതിനു മുൻപ് ഇത്തരത്തിലൊരു പ്രതിഷേധം നേരിടേണ്ടിവന്നിട്ടുമില്ല. നഗരത്തിൽ മൂന്നിടത്താണ് എസ്.എഫ്.ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനം തടയുകയും അക്രമം കാണിക്കുകയും ചെയ്തത്. മൂന്നാമത്തെ സംഭവത്തിൽ ഗവർണർ വാഹനം വിട്ടിറങ്ങി നടുറോഡിൽ പ്രതിഷേധക്കാരെയും പൊലീസിനെയും നേരിട്ട രീതിയും മുമ്പെങ്ങും കാണാത്തതാണ്.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർ വഴിനീളെ പ്രതിഷേധക്കാരെ മറികടന്നു വേണം ലക്ഷ്യസ്ഥാനത്തെത്താൻ എന്നത് ഒട്ടുംതന്നെ അഭിലഷണീയ കാര്യമല്ല. ഗവർണർക്കെതിരെയെന്നല്ല, ആർക്കെതിരെയും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതേസമയം ഗവർണറെപ്പോലെ ഉന്നത പദവി വഹിക്കുന്ന വ്യക്തിയുടെ സുരക്ഷയിൽ ഒരിക്കലും വീഴ്ച സംഭിച്ചതു കൂടാത്തതുമാണ്. ഇവിടെ പേട്ടയിൽ ഗവർണർക്കെതിരെ ഭരണകക്ഷി യുവജന സംഘടനാ പ്രവർത്തകർ ചാടിവീണ് വാഹനം തടഞ്ഞ് അക്രമത്തിനു മുതിർന്നപ്പോൾ പൊലീസിന് എന്തുചെയ്യണമെന്നറിയാതെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

തീർച്ചയായും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വലിയ വീഴ്ച തന്നെയാണിത്. ഗവർണർക്കെതിരെ പ്രതിഷേധക്കാർ റോഡിലിറങ്ങുമെന്ന് സൂചന ഉണ്ടായിട്ടും അതു തടയാനോ സുരക്ഷിതയാത്ര ഒരുക്കാനോ പൊലീസിനു സാധിച്ചില്ല. കേരള സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ ഏകപക്ഷീയമായി അംഗങ്ങളെ നിയമിച്ചതാണ് എസ്.എഫ്.ഐ പ്രകോപനത്തിനു കാരണമായി പറയപ്പെടുന്നത്. എന്നാൽ അങ്ങനെ മാത്രം കരുതാൻ കഴിയാത്തവിധം അടിത്തട്ടിൽ വേറെയും നിരവധി ചെയ്തികളുണ്ടെന്ന കാര്യം വ്യക്തമാണ്. തിങ്കളാഴ്ച മാത്രമല്ല, അതിനുമുമ്പും സംഘടിതമായി ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാൻ യുവജന സംഘടനകൾ ഇറങ്ങിയിരുന്നു.

സംസ്ഥാനത്ത് കലുഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഒട്ടും തന്നെ ശോഭയേറിയതല്ല. സർക്കാരിന്റെ നവകേരള സദസ്സിനെതിരെ നടന്നുകൊണ്ടിരിക്കുന്ന സമരകോലാഹലങ്ങളാണ് മറുവശത്ത് ഗവർണർക്കുനേരെ നടന്ന അതിക്രമത്തിലേക്കു നയിച്ചതെന്ന് കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നവർക്കു ബോദ്ധ്യമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിനു നേരെ കെ.എസ്.യുക്കാർ ഷൂ വലിച്ചെറിഞ്ഞത് ഈ അടുത്ത ദിവസമാണ്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി കാട്ടുന്നവരെ നേരിടാൻ ചാടിവീഴുന്നത് പൊലീസുകാർ മാത്രമല്ല, ഭരണകക്ഷി യുവജന സംഘടനക്കാരും ഒപ്പമുണ്ട്.

പ്രതിഷേധിക്കുന്നവരെ കായികമായിത്തന്നെ അവർ നേരിടുന്നു. ആരോപണ പ്രത്യാരോപണങ്ങൾകൊണ്ടും വെല്ലുവിളികൾ കൊണ്ടും സമൂഹാന്തരീക്ഷമാകെ ഓരോ ദിവസം കഴിയുന്തോറും കലുഷമായിക്കൊണ്ടിരിക്കുന്നു. നാട്ടിൽ ശാന്തിയും സമാധാനവും പുലർന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണിതൊക്കെ. സമൂഹത്തെ ഭിന്നിപ്പിലേക്കു നയിക്കുന്ന രാഷ്ട്രീയപ്രവർത്തനം ഒരുകാലത്തും സംസ്ഥാനം അംഗീകരിച്ചിട്ടില്ല. നവകേരള ബസ്സിനു നേരെ നാടൊട്ടുക്കും ചെരിപ്പേറ് നടത്തുമെന്ന് കെ.എസ്.യു നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ആ നീക്കത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചത് ഉചിത നടപടിയായിരുന്നു.

പാർട്ടി അണികളും യുവജന പ്രവർത്തകരും വികാരാവേശത്തിൽ അരുതാത്ത പ്രവൃത്തികൾക്കു മുതിരുമ്പോൾ തത്സമയം അവരെ വിലക്കേണ്ടതും നിയന്ത്രിക്കേണ്ടതും തലമുതിർന്ന നേതാക്കളാണ്. സമൂഹം അവരിൽ നിന്നു പ്രതീക്ഷിക്കുന്നതും അതാണ്. മുഖ്യമന്ത്രിക്കും മറ്റുമെതിരെ നിങ്ങൾ തിരിഞ്ഞാൽ ഞങ്ങൾ ഗവർണർക്കെതിരെ റോഡിലിറങ്ങുമെന്ന നിലപാട് ഭരണകക്ഷികളിൽപ്പെട്ട യുവജന സംഘനകൾക്ക് ഒട്ടും തന്നെ ഭൂഷണമല്ല. അക്കാര്യം അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ടത് തലപ്പത്തിരിക്കുന്നവരുടെ ചുമതലയാണ്. ക്രമസമാധാന പാലനത്തിന് പൊലീസ് സേന ഉള്ളപ്പോൾ ആ കർത്തവ്യം പാർട്ടി പ്രവർത്തകർക്കു വിട്ടുകൊടുക്കരുത്.