തിരുവനന്തപുരം:നവീകരിച്ച മാനവീയം വീഥിയിൽ വായനാപ്രേമികൾക്കായി പ്രവർത്തനം സജീവമാക്കി സ്ട്രീറ്റ് ലൈബ്രറി. മാനവീയത്ത് സായാഹ്നം ചെലവഴിക്കാനെത്തുന്നവർക്ക് ലൈബ്രറിയിൽനിന്ന് തികച്ചും സൗജന്യമായി പുസ്തകങ്ങളെടുത്ത് വായിക്കാം.

കവിത,നോവൽ,നാടകം,ചെറുകഥ,നിരൂപണം,ജീവചരിത്രം,ആത്മകഥ,ഹാസ്യസാഹിത്യം, യാത്രാവിവരണം,വിവർത്തനം,ബാലസാഹിത്യം തുടങ്ങിയവ ഉള്ളടക്കമാകുന്ന ബഹുഭാഷാ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളുമാണ് സ്ട്രീറ്റ് ലൈബ്രറിയിലുള്ളത്. കഴിഞ്ഞ 11 വർഷമായി മാനവീയത്ത് പ്രവർത്തിക്കുന്ന സ്ട്രീറ്റ് ലൈബ്രറി ഇപ്പോൾ കേരളീയം എഡിഷൻ എന്ന പേരിൽ കൂടുതൽ പുസ്തകങ്ങളോടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും 24 മണിക്കൂറും ലൈബ്രറി പ്രവർത്തിക്കും.വൈകിട്ട് ആറോടെയാണ് ലൈബ്രറി സജീവമാകുക.

5000ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടെങ്കിലും ഒരേസമയം 100 എണ്ണം മാത്രമാണ് ലഭ്യമാക്കുക. കൃത്യമായ ഇടവേളകളിൽ പുസ്തകങ്ങൾ മാറ്റിക്കൊണ്ടിരിക്കും. പ്രത്യേകം സജ്ജമാക്കിയ ഷെൽഫിലാണ് പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. പുസ്തകങ്ങൾ മാനവീയത്തുവച്ചുതന്നെ വായിക്കുകയോ വീട്ടിലേക്ക് കൊണ്ടുപോകുകയോ ചെയ്യാം. ഒരേസമയം ഒരു പുസ്തകം മാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുക. ഏഴ് പ്രവൃത്തിദിവസങ്ങൾക്കകം പുസ്തകം ലൈബ്രറിയിൽ തിരികെ എത്തിക്കുകയും വേണം. മാനവീയത്തെ സാംസ്കാരിക സംഘടനയായ മാനവീയം തെരുവിടം കൾച്ചർ കളക്ടീവിന്റെ നേതൃത്വത്തിലാണ് സ്ട്രീറ്റ് ലൈബ്രറിയുടെ പ്രവർത്തനം. സംഘടന ഭാരവാഹികളും മാനവീയത്തെത്തുന്ന ആസ്വാദകരും സംഭാവന ചെയ്തതാണ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ.

മാനവീയം സ്ട്രീറ്റ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നതിനും അംഗങ്ങളാകുന്നതിനും 9447025877 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

''പൊതുവിട വായനാ സംസ്‌കാരത്തിലൂടെ കേരളം ലക്ഷ്യമാക്കുന്ന വൈജ്ഞാനിക സാമൂഹിക നിർമ്മിതി സാദ്ധ്യമാക്കുക എന്നതാണ് മാനവീയം സ്ട്രീറ്റ് ലൈബ്രറി വിഭാവനം ചെയ്യുന്ന സാംസ്‌കാരിക രാഷ്ട്രീയം''

(കെ.ജി.സൂരജ്, സെക്രട്ടറി, മാനവീയം തെരുവിടം കൾച്ചർ കളക്ടീവ്-മാനവീയം സ്ട്രീറ്റ് ലൈബ്രറി)