
തിരുവനന്തപുരം: ജനുവരി മുതൽ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടം നൽകില്ലെന്ന് പമ്പുടമകൾ. എല്ലാ ജില്ലകളിലുമായി കോടിക്കണക്കിന് രൂപയാണ് കിട്ടാനുള്ളത്. മൂന്നു മാസം മുതൽ ഒരു വർഷം വരെയുള്ള കുടിശികയുണ്ട്.
കോട്ടയം ജില്ലയിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ ഒരു പമ്പിന് കിട്ടാനുള്ളത് 35 ലക്ഷത്തോളം രൂപയാണ്. അഞ്ച് ലക്ഷം മുതൽ 25 ലക്ഷം വരെ മിക്ക പമ്പുകൾക്കും കിട്ടാനുണ്ട്. സർക്കാർ കരാറുകാർക്ക് ഇന്ധനം നൽകിയ വകയിലും വൻ കുടിശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ വിശദമാക്കി. പൊതുമേഖലാ വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്റെ പണം ഏറ്റവുമൊടുവിൽ കിട്ടിയത് ജൂണിലാണ്. പൊലീസ് വാഹനങ്ങൾ, ഫയർഫോഴ്സ്, വിവിധ ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ എന്നിവയൊക്കെ ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നൽകുന്നില്ല. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ രണ്ടായിരത്തോളം ഡീലർമാരാണ് സംഘടനയിലുള്ളത്.
`മാസങ്ങളോളം പണം കിട്ടാതെ വന്നാൽ പമ്പു നടത്തിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാവും.'
-ടോമിതോമസ്
പ്രസിഡന്റ്,ഓൾ കേരള ഫെഡറേഷൻ
ഒഫ് പെട്രോളിയം ട്രേഡേഴ്സ്