
തിരുവനന്തപുരം: സി.പി.എമ്മും ഗവർണറും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാവുന്നു. തകർന്ന ക്രമസമാധാന നിലയാണ് തനിക്ക് നേരെയുണ്ടായ പ്രതിഷേധമെന്ന് ഗവർണർ. എന്നാൽ, സർക്കാരിനെതിരായ കേന്ദ്രനിലപാടിന്റെ ഭാഗമാണ് ഗവർണറുടെ നീക്കമെന്ന് സി.പി.എം.
പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്.എഫ്.ഐ, സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിൽ പോര് ഇനിയും കനക്കാം. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിവേദനത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതും വിവിധ യൂണവേഴ്സിറ്റികളിൽ സെനറ്റ് നിയമനത്തിൽ സർക്കാർ നൽകിയ പട്ടിക തള്ളിയതുമാണ് പോര് മുറുകാൻ കാരണമായത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം ഗവർണറെ ഉപകരണമാക്കി മാറ്റുന്നെന്നും സി.പി.എം വിലയിരുത്തുന്നു. അതുകൊണ്ട് ഗവർണർക്കെതിരായ പ്രത്യക്ഷസമരം കടുപ്പിക്കണമെന്ന പാർട്ടി തീരുമാനമാണ് നടപ്പാകുന്നത്. എന്നാൽ ഒന്നിലേറെ തവണ തന്റെ വാഹനത്തിന് നേർക്കുണ്ടായ എസ്.എഫ്.ഐ പ്രതിഷേധം തന്റെ നിലപാടുകളോടുള്ള സർക്കാരിന്റെ വെല്ലുവിളിയായി ഗവർണറും കരുതുന്നു.
ജാമ്യം നൽകിയാൽ ഗവർണറെ ഇനിയും തടയാൻ സാദ്ധ്യത
ഗവർണറെ റോഡിൽ തടഞ്ഞ പ്രതികൾക്ക് ജാമ്യം നൽകിയാൽ സമാന കുറ്റകൃത്യം ആവർത്തിക്കാനിടയുണ്ടെന്ന് പേട്ട പൊലീസ് കോടതിയിൽ. ജനങ്ങളുടെ സ്വൈരജീവിതത്തിനും ഇവർ ഇറങ്ങുന്നത് തടസമാണ്. പ്രതികൾ ഒളിവിൽ പോവാനിടയുണ്ടെന്നും പേട്ട സി.ഐ എം.അഭിലാഷ് അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് തള്ളിക്കളഞ്ഞാണ് 5 പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ പേട്ട കേരളകൗമുദി ജംഗ്ഷനിലെത്തിയപ്പോഴാണ് പത്ത് എസ്.എഫ്.ഐക്കാർ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. പൊലീസിന്റെ ആജ്ഞ അവഗണിച്ചാണ് ഗവർണറെ തടഞ്ഞത്. സി.പി.ഒമാരായ രാഹുൽ, വിനോദ്, സീനിയർ സി.പി.ഒ മീന എസ്. നായർ, ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നെത്തിയ 3 പൊലീസുകാർ എന്നിവർക്കായിരുന്നുസുരക്ഷാ ഡ്യൂട്ടി. 5 പ്രതികളും കണ്ടാലറിയാവുന്ന 10 പേരും ചേർന്ന് ഗവർണറുടെ വാഹനവ്യൂഹം തടയുകയായിരുന്നു. 10 പേർ സ്ഥലത്തുനിന്ന് ഓടിപ്പോയി.
ആക്രമണം മുഖ്യമന്ത്രി അറിഞ്ഞ്: ഗവർണർ
എസ്.എഫ്.ഐ പ്രവർത്തകർ കാർ തടഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഗൂഢാലോചന നടന്നെന്നും ഗവർണർ. കാറിൽ നിന്നിറങ്ങി പ്രവർത്തകരെ നേരിട്ടത് മനപ്പൂർവ്വമാണ്. പേടിച്ചോടുന്നതല്ല എന്റെ രീതി.
എനിക്കെതിരെ തുടർച്ചയായ അഞ്ചാമത്തെ സംഭവമാണിത്. കരിങ്കൊടി കെട്ടിയ ദണ്ഡുകൾ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചപ്പോഴാണ് പുറത്തിറങ്ങിയത്. ചില്ലിൽ പോറലുണ്ട്. എന്തും നേരിടാൻ തയ്യാറാണ്. കേന്ദ്രത്തിന്റെ സുരക്ഷ തേടില്ല. എന്നെ ആക്രമിച്ചാലും വാഹനം നശിപ്പിക്കരുത്. അടുത്തേക്ക് വന്നാൽ പുറത്തിറങ്ങും. ധൈര്യത്തോടെ നേരിട്ടാൽ അവർ കുരങ്ങുകളെ പോലെ പിന്തിരിഞ്ഞ് ഓടിക്കൊള്ളുമെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഞാൻ പുറത്തിറങ്ങുന്നത് കണ്ട് പ്രതിഷേധക്കാർ പിന്തിരിഞ്ഞോടി. വാഹനത്തിൽ നിന്നിറങ്ങിയത് പ്രോട്ടോക്കോൾ ലംഘനമല്ല. ആക്രമണ സമയത്ത് കാറിനകത്ത് ഇരിക്കണമായിരുന്നോ. പൊലീസുകാർ പാവങ്ങളാണ്. അവരെ കുറ്റപ്പെടുത്തുന്നില്ല.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പത്തു ദിവസം കാത്തിരിക്കും. പ്രതിസന്ധിയുണ്ടെങ്കിൽ അക്കാര്യം കേന്ദ്രത്തെ അറിയിക്കാനുള്ള ചുമതല എനിക്കുണ്ട്.