
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ സംവിധായകൻ ഡോ.ബിജു കെ.എസ്.എഫ്.ഡി.സി മെംബർ സ്ഥാനം രാജിവച്ചു.
തൊഴിൽപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. ബിജുവിന്റെ 'അദൃശ്യജാലകങ്ങൾ' സിനിമയ്ക്ക് തിയേറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജു മറുപടി നൽകിയിരുന്നു. പിന്നാലെയാണ് രാജി.
ബിജുവിന്റെ 'അദൃശ്യജാലകങ്ങൾ' മത്സര വിഭാഗം, മലയാള സിനിമ ഇന്ന് എന്നി വിഭാഗങ്ങളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ഐ.എഫ്.എഫ്.കെ തീരുമാനിച്ചിരുന്നു. പ്രധാനപ്പെട്ട വിദേശ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ മത്സര വിഭാഗത്തിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ 'അദൃശ്യജാലകങ്ങൾ' പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.
കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യർത്ഥമാണെന്ന് സംവിധായകൻ ഡോ.ബിജു തുറന്ന കത്തിൽ പറഞ്ഞിരുന്നു. തിയേറ്ററുകളിൽ ആളെക്കൂട്ടിയതുകൊണ്ടല്ല സിനിമകൾ ചലച്ചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അതുപോലും അറിയാത്തയാളാണു കേരളത്തിൽ ചലച്ചിത്രമേളയുടെ ചെയർമാനായിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു.
കഴിഞ്ഞ മേളയിൽ ഡെലിഗേറ്റുകളെ പട്ടിയോട് ഉപമിച്ചയാളാണു രഞ്ജിത്ത്. മാടമ്പിത്തരവും ആജ്ഞാപിക്കലും രഞ്ജിത്ത് കൈയിൽ വച്ചാൽ മതി. ചലച്ചിത്ര മേളയുടെ ചെയർമാനായിരിക്കാൻ എന്തെങ്കിലും യോഗ്യതയുണ്ടോ എന്നു സ്വയം ആലോചിക്കൂവെന്നും ഡോ.ബിജു പറയുന്നു.