
ഉറവിടമാലിന്യ സംസ്‌കരണം പാളി
ഇനോക്കുലത്തിന് ജനം നെട്ടോട്ടം
തിരുവനന്തപുരം : ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കണമെന്ന സർക്കാർ നയം കാര്യക്ഷമമാക്കാതെ, മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവർക്ക് പിഴചുമത്താനാണ് അധികാരികൾ വെമ്പുന്നത്. ഇത് സാധാരക്കാരെ കൊള്ളയടിക്കലാണെന്ന ആക്ഷേപവും ഉയർന്നു. ഉറവിട മാലിന്യ സംസ്കരണം പാളുമ്പോഴാണ് ആളുകൾ മാലിന്യം റോഡിലും കുളത്തിലുമൊക്കെ വലിച്ചെറിയുന്നത്.
ഉറവിട മാലിന്യ സംസ്‌കരണത്തിനായി വീടുകളിൽ കിച്ചൺ ബിന്നും പൊതുസ്ഥലങ്ങളിൽ എയ്‌റോബിക് ബിന്നുകളും സ്ഥാപിച്ചെങ്കിലും പരിപാലനം കാര്യക്ഷമമല്ല. കിച്ചൺ ബിന്നുകളിൽ മാലിന്യം
കമ്പോസ്റ്റ് ആക്കാനുള്ള ഇനോക്കുലം പല തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമല്ലാത്തത് വീട്ടുകാരെ ദുരിതത്തിലാക്കും. ഇതോടെ മാലിന്യം പതിവുപോലെ വലിച്ചെറിയും. ബിന്നുകൾ ചെടിനടാനും മറ്റും ഉപയോഗിക്കും.
കിച്ചൺ ബിന്നുകൾ സ്ഥാപിക്കേണ്ടത് വീട്ടുടമയുടെയും ഉത്തരവാദിത്വമാണെന്ന് തദ്ദേശവകുപ്പ് പറയുന്നു. ബിൻ സ്ഥാപിച്ചാൽ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞെന്ന മട്ടിലാണ് തദ്ദേശസ്ഥാപന അധികാരികൾ. യഥാസമയം ഇനോക്കുലം വാങ്ങി വിതരണം ചെയ്യുന്നില്ല. ശുചീകരണ പ്രവർത്തകർ വീട്ടിലെത്തി ബിൻ പരിപാലനത്തിന് സഹായം നൽകുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
പൊതുസ്ഥലങ്ങളിലെ എയ്‌റോബിക്ക് ബിന്നുകളുടെ സ്ഥിതി ഇതിലും മോശമാണ്. മാലിന്യം നീക്കാൻ ജീവനക്കാരില്ല. ബിന്നുകളിൽ മാലിന്യം കുന്നുകൂടി അഴുകി ദുർഗന്ധം പരക്കുന്നു. അതിൽ നിന്നുള്ള മലിനജലം മണ്ണിലൊഴുകുന്നു.
പാളിച്ചകൾ പലവട്ടം
2012ൽ വിളപ്പിൽശാല മാലിന്യസംസ്കരണ പ്ലാന്റ് പൂട്ടിയതോടെയാണ് ഉറവിടമാലിന്യ സംസ്കരണത്തിന് വഴിതേടിയത്.
വിളപ്പിൽശാലയെ പോലെ കോഴിക്കോട് ഞെളിയമ്പറപ്പിലും, തൃശൂർ ലാലൂരിലും പ്രശ്നങ്ങളായി.
2015ൽ തലസ്ഥാനത്ത് പൈപ്പ് കമ്പോസ്റ്റ്. മറ്റു ജില്ലകളും ഏറ്റെടുത്തു.
തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ അത് നിലച്ചു.
2016 അവസാനം കിച്ചൺ ബിന്നുകൾ എത്തി
ഇനോക്കുലം ക്ഷാമവും കമ്പോസ്റ്റ് തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കാത്തതും പ്രതിസന്ധിയായി
വീഴ്ച മുതലാക്കി ഏജൻസികൾ
കിച്ചൺബിന്നുകൾ പാളിയത് സ്വകാര്യ ഏജൻസികൾ മുതലെടുത്തു
വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഇവർ മാലിന്യം ശേഖരിക്കും.
പന്നിഫാമുകളിൽ നിന്ന് ഉൾപ്പെടെ ഇവരാണ് മാലിന്യം ശേഖരിക്കുന്നത്.
പ്രതിമാസം ഫീസും ഈടാക്കും
ഈ മാലിന്യം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുന്നുണ്ട്.
അജൈവ മാലിന്യ സംസ്‌കരണത്തിൽ മുന്നേറ്റം
അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമ്മ സേന കാര്യക്ഷമമാണ്. ഇവർ വീടുകളിലെത്തി മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നു. ഇതിന് കൃത്യമായ പ്രതിഫലം കിട്ടുന്നു. വീടുകളിൽ നിന്ന് യൂസർഫീയും വാങ്ങുന്നു.