#പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി
..തിരുവനന്തപുരം : ശബരിമയിലെ അടിസ്ഥാന ആവശ്യങ്ങൾ ക്രമീകരിക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടെന്നാരോപിച്ച് ദേവസ്വം ബോർഡ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇന്നലെ ദേവസ്വം ബോർഡ് യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം, പ്രധാന കവാടം അടച്ചതോടെ വാതിലിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ മറുവശത്തു കൂടി ഓഫീസിൽ കടക്കാൻ ശ്രമിച്ചു. തുടർന്ന് തൊട്ടടുത്തുള്ള ദേവസ്വം കമ്മിഷണർ ഓഫീസിലെ പ്രധാന വാതിൽ കടന്നെങ്കിലും കമ്മിഷണറുടെ റൂമിൽ കടക്കാനായില്ല.
പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ശ്വാസം പോലും കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞുവീണു മരിച്ചിട്ടും കണ്ണ് തുറക്കാത്ത മുഖ്യമന്ത്രി ഗുണ്ടകളെ ഉപയോഗിച്ച് നാട്ടുകാരെ തല്ലുന്ന തിരക്കിലാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു. ഗവർണറുടെ വണ്ടി തടയാൻ കാണിച്ച ഉത്സാഹം എന്തുകൊണ്ട് ഭക്തരുടെ കാര്യത്തിൽ കാണിക്കുന്നില്ല? വീഴ്ചയ്ക്ക് കാരണക്കാരനായ പ്രസിഡന്റ് പി.എസ് പ്രശാന്ത് രാജി വയ്ക്കണമെന്നും നേമം ഷജീർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് , സംസ്ഥാന സെക്രട്ടറിമാരായ രജിത് രവീന്ദ്രൻ, വീണ എസ്.നായർ, വട്ടിയൂർക്കാവ് അസംബ്ലി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അമ്പലമുക്ക്, ജില്ലാ സെക്രട്ടറിമാരായ ഷൈജു തോട്ടരികത്ത്, ഗോകുൽ ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.