കണ്ണൂർ: പ്രമുഖ ജുവലറിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ചിറക്കൽ കൃഷ്ണാഞ്ജലിയിലെ കെ. സിന്ധു അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി.എ ബിനുമോഹൻ മുമ്പാകെ ഹാജരായി. മൂന്ന് ദിവസം ചോദ്യം ചെയ്യൽ തുടരും. ഈ മാസം 19ന് ഹൈക്കോടതി ജാമ്യ ഹർജി പരിഗണിക്കും.

കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാവാൻ നിർദേശം നൽകിയതിനെ തുടർന്നാണ് ഇന്നലെ രാവിലെ സഹോദരന്റെ കൂടെ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ ജൂലായ് 3ന് ആണ് ജുവലറി മാനേജിംഗ് പാർട്ണറുടെ പരാതിയിൽ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന കെ. സിന്ധുവിനെ പ്രതി ചേർത്ത് ടൗൺ പൊലീസ് കേസെടുത്തത്.

സ്ഥാപനത്തിൽ നിന്നും 7.55 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതിയുലുണ്ടായിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി വിവിധ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചിരുന്നു. പരാതിക്ക് ശേഷം സിന്ധുവിന്റെ ചിറക്കലിലെ വീട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. കണക്കുകളിൽ കൃത്രിമം നടത്തിയത് കണ്ടുപിടിക്കാൻ മാനേജ്‌മെന്റ് നിയമിച്ച ഓഡിറ്ററെ ഉൾപ്പെടെ സിന്ധു ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു. 2021 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.