ഏഴോം: കുറുവാട്ട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര ശ്രീകോവിൽ കുത്തിപ്പൊളിച്ചു ദേവിയുടെ ആഭരണങ്ങൾ കവർച്ച ചെയ്തിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും കേസ് അന്വേഷിക്കുന്ന പഴയങ്ങാടി പൊലീസിന് ഒരു തുമ്പും കണ്ടെത്താനായില്ല. മോഷണം നടന്നു ഒരു മാസം കഴിഞ്ഞപ്പോൾ പ്രതികൾ വലയിലായെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഇനി തെളിവെടുക്കൽ മാത്രമേ പൂർത്തിയാക്കേണ്ടതുള്ളൂ എന്നും പൊലീസ് പറഞ്ഞതായി പറയുന്നു. ശാസ്ത്രീയമായ തെളിവെടുപ്പുകളും നടന്നുവെന്നും പൊലീസ് പറഞ്ഞത് ക്ഷേത്ര കമ്മിറ്റിക്കു മുന്നിൽ നടത്തിയ ഒരു പ്രഹസനം മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചലോഹ വിഗ്രഹമോ വെള്ളി ആഭരണങ്ങളോ മോഷ്ടാക്കൾ എടുത്തിട്ടില്ല. മോഷ്ടിച്ചത് സ്വർണ്ണം മാത്രമായിരുന്നു.
മോഷണ തലേന്ന് ക്ഷേത്ര പരിസരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ മോഷണത്തിന്റെ പിന്നിൽ ഒരു പ്രവാസിയാണെന്നും സൂചന നല്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറിക്കു കിട്ടിയ കത്തിലും ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റിക്കാർ പറയുന്നു. പൊലീസിലും രാഷ്ട്രീയത്തിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ഇതിന്റെ കടിഞ്ഞാൺ പിടിക്കുന്നതെന്നും ഈ കാര്യങ്ങളെല്ലാം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ ക്ഷേത്രക്കാരും നാട്ടുകാരും അതീവ ദുഃഖിതരാണ്.

സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ട ഏഴോം കുടുംബശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം