തിരുവനന്തപുരം: യുവാവിനെ ആറംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിപ്പരിക്കേല്പിച്ചു. ഭാര്യയ്ക്ക് നേരെയും ആക്രമണമുണ്ടായി. കണ്ണമ്മൂല ചെന്നിലോട് കോളനിയിൽ അഖിൽ നിവാസിൽ ഉണ്ണിക്കൃഷ്ണൻ,​ ഭാര്യ അപർണ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോളനി നിവാസികളായ ജിത്തു, ​ഹരി എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയും പേട്ട പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം. അക്രമിസംഘത്തിലെ രണ്ടുപേർ മദ്യപിച്ച് ഉണ്ണിക്കൃഷ്ണന്റെ വീടിന് മുന്നിൽ ബഹളംവച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. കോളനിയിലെത്തിയ പ്രതികൾ ഉണ്ണിക്കൃഷ്‌ണനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കമ്പി കൊണ്ട് കുത്തുകയും അപർണയെ കമ്പി കൊണ്ട് അടിക്കുകയുമായിരുന്നു. 13 കുത്തുകളേറ്റ ഉണ്ണിക്കൃഷ്ണന്റെ ശ്വാസകോശത്തിന് ഗുരുതര പരിക്കുണ്ട്. ഇയാൾ അപകടനില തരണം ചെയ്‌തതായി മെഡിക്കൽ കോളേജ് അധികൃതർ പറ‍ഞ്ഞു.