
ഒരിക്കൽ ഒരു പൊതുസദസിൽ, ടെസ്ല സി.ഇ.ഒ ആയ എലൻ മസ്കിനോട് ഒരു കുട്ടി ചോദിച്ചു: സർ, സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡുകൾ ഉണ്ടാകുന്നത് എങ്ങനെയാണ്? ആ ചോദ്യത്തിന് മസ്കിന്റെ മറുപടി: ട്രെൻഡുകൾ ഉണ്ടാകുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അങ്ങനെയിരിക്കുമ്പോൾ ചില വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, സംഭാഷണങ്ങൾ, ഗാനങ്ങൾ..... അവയൊക്കെ ട്രെൻഡിംഗിൽ കയറും. അതിന്റെ രഹസ്യം പരസ്യമാക്കാൻ സമൂഹമാദ്ധ്യമങ്ങളും ആഗ്രഹിക്കില്ല!
ഇത്തരത്തിൽ, പോയ ആഴ്ചയിലെ ട്രെൻഡിംഗ് താരം നമ്പർ 7 ആയിരുന്നു. ക്രിക്കറ്റ് ലോകത്തെ 'തല', സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ ജേഴ്സിയിലൂടെ വിഖ്യാതമായ നമ്പർ. ക്രിക്കറ്റിലും ജീവിതത്തിലും ക്യാപ്റ്റൻ കൂളാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ആരാധകരുടെ മനസിൽ ധോണി പറത്തിയ സിക്സറുകളും വിക്കറ്റിനു പിന്നിലെ പ്രകടനവും ഓർമ്മിക്കപ്പെടുന്നു എന്നതിനു തെളിവാണ് ഈ ട്രെൻഡ്. കുറച്ചുമാസം മുമ്പുതന്നെ ഈ ട്രെൻഡ് ആരംഭിച്ചെങ്കിലും സൂപ്പർ തരംഗമാകുന്നത് ഇപ്പോഴാണ്.
അവസരമാക്കി
കമ്പനികൾ
ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായ ശേഷമാണ് ധോണിക്ക് ലീഡർ എന്ന് അർത്ഥം വരുന്ന 'തല' എന്ന വിളിപ്പേര് കിട്ടിയത്. 2024-ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ കളിക്കാർക്കായുള്ള ലേലം നടക്കാനിരിക്കെ തലയുടെ ആരാധകർ ഉണ്ടാക്കിയ ട്രെൻഡാണിതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കണ്ണിൽ കാണുന്ന എന്തിലും ഏഴ് എന്ന സംഖ്യ കണ്ടെത്തി വട്ടമിട്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് ആരാധകരുടെ രീതി. അവസരം മുതലെടുത്ത് പ്രമുഖ കമ്പനികളും ബ്രാൻഡുകളും രംഗത്തെത്തി.
പുറത്തെ സ്റ്റിക്കറിൽത്തന്നെ ഏഴ് എന്ന അക്കമുള്ള സോഫ്ട് ഡ്രിംഗ്സ് കമ്പനി 'സെവൻ അപ്പിന്' ആയിരുന്നു ലോട്ടറി! 'തല ഫോർ എ റീസൺ' എന്ന ടാഗ്ലൈനോടെ സെവൻ അപ്പ് കുപ്പികൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ കമ്പനിയുടെ വിറ്റുവരവും കുത്തനെ ഉയർന്നു. ലോകോത്തര ഇ- കൊമേഴ്സ് കമ്പനിയായ മിൻത്ര ഹെയർ ഡ്രൈയറിനുള്ളിൽ ഏഴ് എന്ന അക്കം വരച്ച് വില്പന വർദ്ധിപ്പിച്ചു. രണ്ട് ചപ്പാത്തികളിൽ ഒന്ന് ചെരിച്ചും മറ്റൊന്ന് നേരെയും വച്ച് ഏഴ് എന്ന അക്കം ഉണ്ടാക്കിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗി തങ്ങളുടെ മാർക്കറ്റിംഗ് തന്ത്രം പുറത്തെടുത്തത്.
എങ്കെ പാത്താലും
ഏഴ് താൻ ഡാ!
പുറമേ കാണുന്ന കാഴ്ചകളിൽ മാത്രമല്ല. അക്ഷരങ്ങളുടെ എണ്ണത്തിലും അവ കൂട്ടിക്കിട്ടുന്ന സംഖ്യയിലും സമൂഹമാദ്ധ്യമങ്ങൾ ഏഴ് കണ്ടെത്തി. യൂട്യൂബ്, കോൾഗേറ്റ് എന്നിവ ഇംഗ്ലീഷിൽ എഴുതുമ്പോൾ അക്കങ്ങൾ ഏഴാണ്. എം.എസ്. ധോണി, ക്രിക്കറ്റ് എന്നിവയ്ക്കും അക്കങ്ങൾ ഏഴു തന്നെ. ഫോൺ നമ്പറുകൾ, ടിവി പരസ്യങ്ങൾ, മഴവില്ലിലെ നിറങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, ലോകാദ്ഭുതങ്ങൾ.... അങ്ങനെ നീളുന്നു ഏഴിന്റെ ആറാട്ടുത്സവ വേദികൾ. പല കാരണംകൊണ്ട് മതങ്ങളും ഐതിഹ്യങ്ങളും ഏഴ് ഭാഗ്യസംഖ്യയായി കണക്കാക്കുന്നുണ്ട്.
ധോണി ജനിച്ചതും ഏഴാം മാസമായ ജൂലൈയിലെ ഏഴാമത്തെ ദിനത്തിലാണെന്നതും (ജൂലായ് 7) പ്രത്യേകതയാണ്. കുറച്ചുനാൾ മുമ്പ് ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ ജേഴ്സി നമ്പറായ പത്തും ഇതുപോലെ ട്രെൻഡിംഗിലായിരുന്നു. ട്രെൻഡുകൾക്ക് അന്തമില്ല. കാത്തിരിക്കാം, ഏഴഴകുള്ള കൂടുതൽ ട്രെൻഡുകൾക്കായി.