n

എൻ. വാസു

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല കാര്യങ്ങളും യഥാർത്ഥത്തിൽ പെരുപ്പിച്ചു കാട്ടലാണ്. ശബരിമലയിൽ ഇത്രയും തീർത്ഥാടകർ വരുന്നത് ഇതാദ്യമല്ല. ദിവസം ഒരു ലക്ഷത്തിലേറെ ഭക്തർ വന്ന സന്ദർഭങ്ങൾ ഇതിനു മുമ്പുമുണ്ട്. പക്ഷെ അന്നൊന്നും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. വിവിധ വകുപ്പുകൾ സംയുക്തമായാണ് മണ്ഡല- മകരവിളക്കു കാലത്തെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. വകുപ്പുകളുടെ ഏകോപനത്തിൽ കുറേക്കൂടി ജാഗ്രതയും കൃത്യതയും കാട്ടിയാൽ പരിഹരിക്കാവുന്നതേയുള്ളു ഇപ്പോഴത്തെ പ്രശ്നങ്ങൾ.

ബേസ് ക്യാമ്പായ നിലയ്ക്കലിൽ ഇപ്പോൾ മതിയായ സൗകര്യങ്ങളുണ്ട്. ഒരേ സമയം 30,000 ത്തോളം തീർത്ഥാടകർക്ക് ഇവിടെ സുഗമമായി തങ്ങാം. സന്നിധാനത്തെ തിരക്കിന്റെ വ്യാപ്തി മനസിലാക്കി നിലയ്ക്കലിൽ നിന്ന് ഭക്തരെ കടത്തിവിടാനുള്ള ക്രമീകരണം ഏർപ്പെടുത്തിയാൽ ഇപ്പോഴത്തെ തിക്കും തിരക്കും നിയന്ത്രിക്കാൻ ഒരുപരിധി വരെ കഴിയും.

പതിനെട്ടാംപടി കയറ്റം കുറേക്കൂടി വേഗത്തിലാക്കലാണ് മറ്റൊരു പ്രധാന കാര്യം. ഇപ്പോൾ മിനിട്ടിൽ 50 മുതൽ 60 വരെ തീർത്ഥാടകരേ കയറിപ്പോകുന്നുള്ളൂ എന്നാണ് മനസിലാവുന്നത്. പരിചയസമ്പന്നരായ പൊലീസുകാരുടെ അഭാവം കൊണ്ടാവാം ഇത്. പരിചയസമ്പന്നരെ മാത്രം നിയോഗിച്ചാൽ മിനിട്ടിൽ 90 ഭക്തരെ വരെ കയറ്റിവിടാനാവും.

ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ലഘുഭക്ഷണവുമൊക്കെ എത്തിക്കാൻ ഇപ്പോൾ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും മണിക്കൂറുകളോളം കാനനപാതയിൽ കാത്തുനിൽക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ കുടിവെള്ളത്തിന്റെയും ലഘുഭക്ഷണത്തിന്റെയും ലഭ്യത കുറച്ചുകൂടി കാര്യക്ഷമമാക്കണം. ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പിന്റെ കൂടി സഹകരണത്തോടെ ഇതിനുള്ള നടപടികൾ മെച്ചപ്പെടുത്തണം.

സ്ത്രീ പ്രവേശന വിവാദമുണ്ടായിരുന്ന സമയത്തൊഴികെ ശബരിമലയിൽ മുമ്പൊക്കെ മണ്ഡല- മകരവിളക്ക് കാലത്ത് ഇത്രയധികം പൊലീസിനെ വിന്യസിച്ചിട്ടില്ല. ഇപ്പോൾ ഏതാണ്ട് 2000 ത്തിനടുത്ത് പോലീസുകാരാണ് പലഭാഗത്തായി ഡ്യൂട്ടിയിലുള്ളത്. യഥാർത്ഥത്തിൽ ശബരിമലയിൽ ഒരുവിധ ക്രമസമാധാന പ്രശ്നവും ഉണ്ടാവാറില്ല. തിരക്ക് ഒഴിവാക്കാൻ മാത്രമാണ് പൊലീസിന്റെ സേവനം അധികവും വേണ്ടത്. വിവിധ വകുപ്പുളുടെ മീറ്റിംഗുകൾ ചേർന്ന് കാര്യങ്ങൾ അവലോകനം ചെയ്ത് കൃത്യമായ ആസൂത്രണം പാലിച്ചാൽ ഒഴിവാകുന്നതേയുള്ളൂ,​ ഇപ്പോഴത്തെ പ്രതിസന്ധി.