തിരുവനന്തപുരം: ശബരിമലയിൽ വീഴ്ചകൾ സംഭവിച്ചെന്നും രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. വീഴ്‌ചകൾ അതത് വകുപ്പുകളിൽ ഉന്നയിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ ഏഴായിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. അവിടെ പാർക്കിംഗിൽ പാളിച്ചകളുണ്ടായത് വാസ്തവമാണ്. പാർക്കിംഗ് ക്രമീകരണങ്ങൾക്ക് പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.

വെള്ളി,​ ശനി,​ഞായർ ദിവസങ്ങളിൽ തിരക്ക് പതിവാണ്. പ്രതിസന്ധി മറികടക്കാൻ ദർശനസമയം ഒരു മണിക്കൂർ കൂട്ടി 18 മണിക്കൂറാക്കി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡൈനാമിക് ക്യൂ സിസ്റ്റമാണ് ഏർപ്പെടുത്തിയത്. 4500 ഓളം പേരെ ക്യൂ കോംപ്ലക്സിൽ ഉൾക്കൊള്ളാനാകും. തിരക്ക് നിയന്ത്രിക്കാൻ സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തും. പൂർണമായി ഒഴിവാക്കാനാവില്ല.

പതിനെട്ടാംപടി കയറ്റി വിടുന്നവരുടെ എണ്ണം കൂട്ടാൻ ആലോചിക്കുന്നുണ്ട്. മുൻവർഷങ്ങളേക്കാൾ കൂടുതൽ സ്ത്രീകളും കുട്ടികളും അംഗപരിമിതരും ശബരിമലയിലെത്തുന്നുണ്ട്.

വാഹനങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ബസുകളുടെ എണ്ണം കൂട്ടാൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്നദാന മണ്ഡപത്തിൽ ഭക്ഷണവിതരണം സുഗമമായി നടക്കുന്നു. ലഘുഭക്ഷണവും ചുക്കുവെള്ളവും നൽകുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരമാവധി സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ,​ എ.അജികുമാർ,​ ദേവസ്വം സെക്രട്ടറി ജി. ബൈജു,​ ദേവസ്വം കമ്മിഷണർ ബി.എസ് പ്രകാശ്,​ ചീഫ് എൻജിനിയർ ആർ. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.