
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിക്ക് സ്കൂൾ വിദ്യാർത്ഥികൾ ദീപം തെളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നഗരസഭയുടെ മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി രൂപം കൊടുത്ത പദ്ധതി പ്രകാരം നെയ്യാറ്റിൻകര ബി.ആർ.സി പരിധിയിലെ വിദ്യാലയങ്ങളിൽ ശുചിത്വ സൗഹൃദ ജ്വാല തെളിച്ചു. ഇതോടനുബന്ധിച്ച് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സ്കൂൾ ലീഡർ അനഘയ്ക്ക് സൗഹൃദ ജ്വാല കൈമാറി. ലീഡറിൽ നിന്ന് ക്ലാസ് പ്രതിനിധികൾ ദീപം സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് സജി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത്, നെയ്യാറ്റിൻകര ബി.പി.സി എം.അയ്യപ്പൻ,പ്രിൻസിപ്പൽ ദീപ,ഹെഡ്മിസ്ട്രസ് ആനി ഹെലൻ,മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം എന്നിവർ പങ്കെടുത്തു.