
തിരുവനന്തപുരം: എസ്.പി.ജി സുരക്ഷ കഴിഞ്ഞാൽ, രാജ്യത്തെ ഏറ്റവും ഉയർന്ന ഇസഡ്-പ്ലസ് സുരക്ഷയാണ് ഗവർണർക്ക്. ഇവിടെ അത് രേഖകളിൽ മാത്രം. യാത്രകളിലും ചടങ്ങുകളിലും കമാൻഡോകളും 25 സായുധ സേനാംഗങ്ങളുമടക്കം 55 സുരക്ഷാ ഉദ്യോഗസ്ഥരാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂബുക്ക് പ്രകാരം വേണ്ടത്. ഇതിന്റെ പകുതി പോലും സർക്കാർ നൽകിയിട്ടില്ല. ബ്ലൂ-ബുക്ക് സുരക്ഷയുടെ ചുമതല സംസ്ഥാന സർക്കാരിനാണ്. നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത് ഡി.ജി.പി. സുരക്ഷാ സന്നാഹങ്ങൾ പൊലീസും.
ഇസഡ്-പ്ലസ് പ്രകാരമുള്ള വാഹനങ്ങളും സേനാംഗങ്ങളെയും നൽകുന്നില്ലെന്ന് ഏറെക്കാലമായി ഗവർണർ പറയുന്നതാണ്. പ്രത്യേകസുരക്ഷാ മേഖലയായ രാജ്ഭവനിൽ കഴിഞ്ഞയാഴ്ച പൊലീസ് വലയം ഭേദിച്ച് എസ്.എഫ്.ഐക്കാർ ഓടിക്കയറിയിരുന്നു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ ഗവർണറുടെ സുരക്ഷ ശക്തമാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
ഗവർണറുടെ വാഹനവ്യൂഹം പോകുന്ന റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് പൊലീസും ഇന്റലിജൻസുമാണ്. വി.ഐ.പികളുടെ സുരക്ഷാ സ്‌കീം ചോർത്തിയാൽ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസെടുക്കാം.
ഗവർണറുടെ സുരക്ഷാ സന്നാഹം
വാഹനവ്യൂഹത്തിൽ 8 വാഹനങ്ങൾ (3 പൊലീസ് വാഹനങ്ങൾ).
ഏറ്റവും മുന്നിൽ അഡ്വാൻസ് പൈലറ്റ്, സാധാരണ പൈലറ്റ്, ഗവർണറുടെ ബെൻസ് കാർ, രാജ്ഭവന്റെ കാർ, ലോക്കൽ പൊലീസ് പട്രോൾ, ഗവർണർക്കുള്ള സ്പെയർ വാഹനം, ആംബുലൻസ്, ഫയർഫോഴ്സ് എന്നീ ക്രമത്തിൽ.
എ.ഡി.സിമാരായ ലെഫ്.കമാൻഡർ മനോജ് കുമാർ ( നേവി ), എസ്.പി ഡോ.അരുൾ ആർ.ബി കൃഷ്‌ണ ( പൊലീസ് ) എന്നിവർക്കാണ് സുരക്ഷാമേൽനോട്ടം. ഇവരിലൊരാൾ കാറിന്റെ മുൻസീറ്റിലുണ്ടാവും.
രാജ്‌ഭവനിൽ ഗേറ്റ് മുതൽ അസി.കമൻഡാന്റ് റഷീദിന്റെ നേതൃത്വത്തിൽ 56 പൊലീസുകാർ.
മുഖ്യമന്ത്രിയുടെ ഇസഡ്-പ്ലസ് സുരക്ഷ
28കമാൻഡോകളടക്കം 40 പൊലീസുകാർ ഒപ്പം. 2 പൈലറ്റ്, രണ്ട് കമാൻഡോ വാഹനങ്ങളിൽ 10പേർ, ദ്രുതപരിശോധനാ സംഘത്തിൽ എട്ട് പേർ, സ്ട്രൈക്കർ ഫോഴ്സ്, ബോംബ് - ഡോഗ് സ്ക്വാഡുകൾ, പൈലറ്റും 2എസ്‌കോർട്ടും സ്പെയർകാറും.
പരിപാടികളിൽ ദ്രുതകർമ്മസേന, എസ്.ഐ.എസ്.എഫ്. സ്ഥലം എസ്.പി, സ്പെഷ്യൽബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, 5 ഡിവൈ.എസ്.പിമാർ, സമീപ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ അടക്കം 40പൊലീസുകാർ. ഇതോടെ വാഹനവ്യൂഹത്തിൽ 16കാറുകളാവും. കൂടാതെ ഫയർഫോഴ്സും ആംബുലൻസും.
ജനങ്ങൾ 200 മീറ്റർ അകലെ. വാഹനവ്യൂഹം പോവുന്ന റോഡിലേക്കുള്ള വഴികളെല്ലാം അടയ്ക്കും. ഇരുവശത്തും പൊലീസ്. പാർക്കിംഗ് അനുവദിക്കില്ല. യോഗസ്ഥലം രണ്ട് മണിക്കൂർ മുൻപ് പൊലീസ് നിയന്ത്രണത്തിൽ.
ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നിങ്ങനെ 500 പൊലീസ്. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാ മേഖലകൾ.
ആനന്ദബോസിന്
സി.ആർ.പി.എഫ്
പശ്ചിമബംഗാൾ ഗവർണർ മലയാളിയായ സി.വി.ആനന്ദബോസിന് ഇസഡ്-പ്ലസ് സുരക്ഷ നൽകുന്നത് സി.ആർ.പി.എഫാണ്. രാജ്യത്തുടനീളം 30 സൈനികർ അനുഗമിക്കും. ബുള്ളറ്റ്‌പ്രൂഫ് കാറിലാണ് യാത്ര.