
സംസ്ഥാന നേതൃത്വം വെട്ടിലാവും
തിരുവനന്തപുരം: യഥാർത്ഥ ജെ.ഡി.എസ് തങ്ങളാണെന്ന് അവകാശപ്പെട്ട് സി.കെ. നാണു വിഭാഗം എൽ.ഡി.എഫിന് ഉടൻ കത്ത് നൽകും. ഇതോടെ ഇതുവരെ ഏത് പക്ഷത്തെന്ന് വ്യക്തമാക്കാത്ത ജെ.ഡി.എസിന്റെ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലാവും.
തങ്ങളാണ് യഥാർത്ഥ നേതൃത്വമെന്ന് കാട്ടി തിരഞ്ഞെടുപ്പു കമ്മിഷനെയും സുപ്രീംകോടതിയെയും സമീപിക്കാനും നാണുപക്ഷം തീരുമാനിച്ചിട്ടുണ്ട്. ദേശീയ- സംസ്ഥാന തലത്തിൽ പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കാനും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബംഗളുരുവിൽ സി.കെ. നാണുവിന്റെ നേതൃത്വത്തിൽ ചേർന്ന പാർട്ടി പ്ലീനത്തിന്റെ തീരുമാനപ്രകാരമാണ് കത്ത് നൽകുന്നത്. ജെ.ഡി.എസ് ദേശീയ നേതൃത്വത്തിന്റെ ബി.ജെ.പി ബാന്ധവത്തിൽ പ്രതിഷേധിച്ച് സമാന്തരമായി പാർട്ടി പ്ലീനം വിളിച്ചതിന് സി.കെ. നാണുവിനെ ദേശീയ പ്രസിഡന്റ് ദേവഗൗഡ പുറത്താക്കിയിരുന്നു.
ദേശീയ നേതൃത്വത്തിന്റെ ബി.ജെ.പി ബാന്ധവം കേരള നേതൃത്വം തള്ളിയിരുന്നു. എന്നാൽ അവർ സി.കെ. നാണു പക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടില്ല.
നാണു വിഭാഗത്തിന്റെ കത്ത് എൽ.ഡി.എഫ് നേതൃത്വം ഗൗരവമായി പരിഗണിച്ചാൽ പാർട്ടി എം.എൽ.എമാരായ മാത്യു ടി. തോമസിനും കെ. കൃഷ്ണൻകുട്ടിക്കും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടി വരും. ആരാണ് യഥാർത്ഥ നേതൃത്വമെന്ന രാഷ്ട്രീയ വിശദീകരണം നൽകാനും അവർ നിർബന്ധിതരായേക്കും.
ദേശീയ പ്രസിഡന്റ് ഉള്ളപ്പോൾ ഏക വൈസ് പ്രസിഡന്റായ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡ വിളിച്ച എക്സിക്യൂട്ടീവ് യോഗത്തിലാണ് സി.കെ. നാണുവിനെതിരെ നടപടിയെടുത്തത്. തുടർന്ന് സി.കെ. നാണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ടി പ്ലീനം ഗൗഡയെയും മറ്റുള്ളവെരയും പുറത്താക്കിയിരുന്നു.