nh-land

സംസ്ഥാനത്ത് മണ്ണെടക്കുന്ന നടപടികൾ ലഘൂകരിച്ചു.

തിരുവനന്തപുരം:തമിഴ്നാട്ടിലെ ഖനനത്തിന് ഉടക്ക് വീണതോടെ കരിങ്കല്ലും മണ്ണും ഉൾപ്പെടെയുള്ള സാമഗ്രികളുടെ ലഭ്യത കുറഞ്ഞത് കേരളത്തിലെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിലാക്കി.

വികസനത്തിന് കുതിപ്പേകുന്ന, കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ആറു വരി പാതയായി വികസിപ്പിക്കുന്ന എൻ.എച്ച് 66 ഉൾപ്പെടെ നിർമാണം നടക്കുന്ന പദ്ധതികളാണ് ഇഴയുന്നത്. കേരളത്തിലെ നിർമ്മാണ ആവശ്യങ്ങൾക്കായി മണ്ണും കല്ലും ഖനനം ചെയ്യുന്നതിനെ തമിഴ്നാട്ടിലെ ജില്ലാ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എതിർക്കുന്നതാണ് പ്രധാന തടസം.

കഴക്കൂട്ടം - കാരോട് റീച്ച് മാത്രമാണ് പൂർത്തിയായത്. ബാക്കിയെല്ലായിടത്തും നിർമ്മാണം പാതിവഴിയിലാണ്. വേഗത്തിൽ പുരോഗമിച്ച നിർമ്മാണം പലയിടത്തും നിലച്ചു. മറ്റുള്ളിടത്ത് മന്ദഗതിയിലുമാണ്.

വിഷയം ദേശീയപാത അതോറിട്ടി ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് കേരളത്തിൽ മണ്ണെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചു. പാറയുടെ ദൗർലഭ്യം പരിഹരിച്ചിട്ടില്ല.

ഖനനാനുമതി ലഭിക്കാൻ കരാർ സ്ഥാപനം സ്ഥലമുടമയുമായി കരാർ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയാണ് സംസ്ഥാനം ഒഴിവാക്കിയത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഇതിന് അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. വകുപ്പിൽ ലഭിക്കുന്ന ഖനന പെർമിറ്റ് അപേക്ഷകളിൽ ജില്ലയിലെ ജിയോളജിസ്റ്റുമാർ സമയബന്ധിതമായി തീരുമാനമെടുക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതൊക്കെ എത്ര വേഗത്തിൽ നടക്കും എന്നതിനെ ആശ്രയിച്ചിരിക്കും നിർമ്മാണ പുരോഗതി. സംസ്ഥാന സർക്കാർ തമിഴ്നാടുമായി ചർച്ച നടത്തി പാറ എത്തിക്കുകയും വേണം.

സംസ്ഥാനത്തെ തരിശു ഭൂമികളിലും ക്വാറികളിലും സർക്കാർ നിശ്ചയിക്കുന്ന റോയൽറ്റിയും ഫീസുകളും ആവശ്യമെങ്കിൽ നിശ്ചിത തുക അധികമായും അടയ്ക്കാമെന്നും സർക്കാർ കർശന വ്യവസ്ഥകൾ ഇളവ് ചെയ്താൽ ഖനനാനുമതി റദ്ദാക്കുന്നതിനെ എതിർക്കില്ലെന്നും ദേശീയപാത അതോറിട്ടി അറിയിച്ചിരുന്നു. നിർമ്മാണ സാമഗ്രികൾ കയറ്റിയ വാഹനങ്ങൾ ഓടി ഖനന മേഖലയിലേക്കുള്ള റോഡ് തകർന്നാൽ പുനർനിർമിക്കാമെന്ന ഉറപ്പും നൽകി. സർക്കാർ നടപടികൾ വേഗത്തിലായാൽ മഴ ഇല്ലാത്ത വരുന്ന ആറു മാസം കൊണ്ട് പരമാവധി വേഗത്തിൽ ദേശീയപാത നിർമാണം നടത്താം.