തിരുവനന്തപുരം: നഗരസഭ പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഞായറാഴ്ചച്ചന്തയ്ക്കുള്ള കടകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നാളെ തുറക്കുമെന്ന് സ്മാർട്ട്സിറ്റി അധികൃതർ അറിയിച്ചു. ടെൻഡർ കരാറായി 31 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. എടുത്തുമാറ്റാൻ കഴിയുന്ന താത്കാലിക ഷെഡുകളാണ് സ്ഥാപിക്കുക. നടപ്പാതയുടെ ഇരുവശങ്ങളിലായാണ് കച്ചവടം. മുപ്പത് കടകളെങ്കിലും വേണമെന്നാണ് നഗരസഭയുടെ നിർദ്ദേശം. ചെറുകിട സംരംഭകരുടെയും വഴിയോരക്കച്ചവടക്കാരുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സ്മാർട്ട് സിറ്റിക്കാണ് നിർമ്മാണച്ചുമതല.

ജില്ലയിലെ പ്രാദേശികമായ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ഇതിലൂടെ കഴിയും. ഉത്പാദകരിൽ നിന്ന് നേരിട്ട് സാധാനങ്ങൾ വാങ്ങാനുള്ള അവസരവും ജനങ്ങൾക്ക് ലഭിക്കും. എല്ലാ ഞായറാഴ്ചകളിലും രാവിലെ മുതൽ രാത്രിവരെ കടകൾ പ്രവർത്തിക്കും. ഓണം,ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളിലും ചന്ത നടത്താൻ ആലോചിക്കുന്നുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞവർഷം ഡിസംബറിലാണ് പദ്ധതിയെപറ്റിയുള്ള ആലോചനകൾ തുടങ്ങിയത്. ഈ മാസം തന്നെ ഞായറാഴ്ചച്ചന്ത തുടങ്ങണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മേയർ കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.