
തിരുവനന്തപുരം/ന്യൂഡൽഹി: കേരളത്തിന്റെ ഭരണത്തലവനായ തന്നെ റോഡിൽ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത് ഗുരുതര ക്രമസമാധാന തകർച്ചയാണെന്ന് കേന്ദ്രസർക്കാരിനും രാഷ്ട്രപതിക്കും ഗവർണർ റിപ്പോർട്ട് നൽകും. കേന്ദ്രസേനയുടെ സുരക്ഷയും ആവശ്യപ്പെടും.
റിപ്പോർട്ട് കിട്ടുന്നതോടെ സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടും. വിളിച്ചുവരുത്താനും ഇടയുണ്ട്. ചീഫ്സെക്രട്ടറിയോടും റിപ്പോർട്ട് തേടാം. ഗവർണറെ തടഞ്ഞത് ക്രമസമാധാന പ്രശ്നമാണെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ചീഫ്സെക്രട്ടറി, ഡി.ജി.പി എന്നിവരോട് രാജ്ഭവൻ വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ കേന്ദ്രത്തിന് റിപ്പോർട്ടയയ്ക്കും. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിവരിച്ച് കേന്ദ്രത്തിന് ഗവർണർ പ്രതിമാസ റിപ്പോർട്ടയയ്ക്കാറുണ്ട്. റോഡിലെ പ്രതിഷേധം പ്രത്യേക റിപ്പോർട്ടാക്കും.
ഇസഡ്-പ്ലസ് സുരക്ഷയുള്ള ഗവർണർക്ക് അതു നൽകിയില്ലെന്ന് ഐ.ബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് ഗവർണറുടെ സുരക്ഷാപാളിച്ച വിലയിരുത്തും. ആഭ്യന്തരസെക്രട്ടറി, പൊലീസ് മേധാവി, ഇന്റലിജൻസ് മേധാവി, സെക്യൂരിറ്റി ഐ.ജി, ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് സമിതിയിലുള്ളത്. സുരക്ഷയൊരുക്കുന്നതിൽ വീഴ്ചയുണ്ടെങ്കിൽ പരിഹരിക്കും.
അമിത് ഷായെ കാണും
കാർ തടഞ്ഞ സംഭവം മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ആയുധമാക്കുന്ന ഗവർണർ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടേക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗവർണറെ ഇന്നലെ കണ്ടു. ഗവർണറുടെ റൂട്ട് മാപ്പ് ചോർന്നത് ഗൗരവമായാണ് കേന്ദ്രം കാണുന്നത്. എസ്.എഫ്.ഐ പ്രവർത്തകർക്ക് കാറിനടുത്ത് വരാൻ കഴിഞ്ഞതും വൻ സുരക്ഷാവീഴ്ചയാണ്. സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്താനും ആലോചനയുണ്ട്. പശ്‌ചിമ ബംഗാൾ സർക്കാരുമായി ഉടക്കിലുള്ള ഗവർണർ സി.വി. ആനന്ദബോസിന് കേന്ദ്ര സേനാംഗങ്ങളുൾപ്പെട്ട സുരക്ഷയുണ്ട്.
ഡൽഹിയിൽ തുടരുന്ന ഗവർണർ സംസ്ഥാനത്തിനെതിരെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. ഇന്നലെ രാവിലെ കേരള ഹൗസിൽ വി.മുരളീധരനുമായുള്ള കൂടിക്കാഴ്‌ചയിൽ ഇക്കാര്യങ്ങൾ ചർച്ചയായതായി അറിയുന്നു.
രാഷ്ട്രപതി ഭരണം
ശുപാർശ ചെയ്യില്ല
ക്രമസമാധാനനില തകർന്നെന്നും രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും ഗവർണർക്ക് ശുപാർശ ചെയ്യാമെങ്കിലും അത്തരമൊരു നീക്കം ഉണ്ടാകാനിടയില്ല
ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയും തുടരാനാവാത്ത സാഹചര്യമുണ്ടാവുകയും ചെയ്താലേ രാഷ്ട്രപതിഭരണം ഏർപ്പെടുത്താവൂ
കേരളത്തിൽ നിലവിൽ അങ്ങനെയൊരു സ്ഥിതിയില്ല. അവസാന ശ്രമമായേ രാഷ്ട്രപതിഭരണം നടപ്പാക്കാൻ പാടുള്ളൂ എന്നാണ് സുപ്രീംകോടതി ഉത്തരവുകൾ
ഗവർണർ കേന്ദ്രത്തിന്റെ ഏജന്റല്ലെന്നും സുപ്രധാന വിഷയങ്ങളിലേ വിവേചനാധികാരം ഉപയോഗിക്കാവൂ എന്നും ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം റദ്ദാക്കി ഹൈക്കോടതിയും വിധിച്ചു
356-ാം വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക. പരമാവധി മൂന്നു വർഷം വരെ ഏറ്റെടുക്കാം. ഇതിന് ലോക്സഭയുടെയും രാജ്യസഭയുടെയും അംഗീകാരം കിട്ടണം