ss

തിരുവനന്തപുരം: നിശബ്ദതയ്ക്കൊരു ഓമനത്തമുണ്ടെന്നും അതിനും സൗന്ദര്യമുണ്ടെന്നും മെക്‌സിക്കൻ ചിത്രം ഓൾ ദ സൈലൻസിന്റെ ആദ്യ പകുതി കാണുമ്പോൾ തോന്നും. എന്നാൽ ശബ്ദങ്ങളുടെ ലോകത്തു നിന്ന് ഒരാൾ മെല്ലെ മെല്ലെ നടന്ന് നിശബ്ദതയിലേക്കു പോകുമ്പോഴോ? ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഡീഗോ ഡെൽ റിയോയുടെ സിനിമ വല്ലാത്തൊരു അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

അനിവാര്യമായ നിശബ്ദതയിലേക്കുള്ള മിറിയത്തിന്റെ യാത്ര പ്രേക്ഷകരെയും ശബ്ദമില്ലാത്തവരുടെ ലോകത്തെ പ്രതിബന്ധങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ശബ്ദത്തേക്കാൾ കൂടുതൽ നിശബ്ദത,​ സംഭാഷണത്തേക്കാൾ കൂടുതൽ ആംഗ്യത്തിലൂടെയുള്ള ആശയവിനിമയം. സിനിമ മനസിലാക്കാൻ കേൾവി ശക്തിയുള്ളവർക്കും ഇല്ലാത്തവർക്കും ബുദ്ധിമുട്ടില്ല. സിനിമ ഒരുവട്ടം കാണുമ്പോൾ ആംഗ്യഭാഷയിലെ ഒരു വാക്കെങ്കിലും പ്രേക്ഷകൻ പഠിച്ചിരിക്കും.

അഡ്രിയാന ലാബ്രസ് എന്ന നടിയുടെ അഭിനയമികവാണ് അതിന് കാരണം. ഒമ്പതുവർഷം നീണ്ട ഗവേഷണങ്ങൾക്കു ശേഷമാണ് 'ഓൾ ദ സൈലൻസ് ' ഒരുക്കിയതെന്ന് സംവിധായകൻ ഡെൽ റിയോ പറയുന്നു. 79 മിനിറ്റ് കൊണ്ട് ആ തയ്യാറെടുപ്പുകളുടെ ആഴവും പരപ്പും ചിത്രം പ്രേക്ഷകനെ അനുഭവിപ്പിക്കുന്നുണ്ട്.