സംഭവം തൃക്കോതമംഗലം ഊട്ടുപുര പാടശേഖരത്ത്
കോട്ടയം: പാടശേഖരങ്ങളിൽ നിന്നും എരണ്ടകളെ വേട്ടയാടുന്നത് പതിവാകുന്നു. വാകത്താനം പഞ്ചായത്ത് ഒന്നാം വാർഡിൽ തൃക്കോതമംഗലം ഊട്ടുപുര പാടശേഖരത്തിൽ നിന്നാണ് സാമൂഹ്യവിരുദ്ധർ എരണ്ടകളെ പിടിയ്ക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരം പക്ഷികളെ പിടിയ്ക്കുന്നതിനും കൊല്ലുന്നതും നിയമവിരുദ്ധമാണ്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് സാമൂഹ്യവിരുദ്ധർ ഇവയെ പിടിച്ചെടുത്ത് ഭക്ഷണയോഗ്യമാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലയിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും എരണ്ടകൾ കൂട്ടമായി എത്തുന്നുണ്ട്.
ഇത്തവണ ആയിരകണക്കിന് പക്ഷികളാണ് ഊട്ടുപുര പാടശേഖരത്തിലെത്തിയത്. നിരവധി എരണ്ട കുഞ്ഞുങ്ങളുമുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവ പൂടപൊഴിയ്ക്കുന്നത്. ആമ്പൽ നിറഞ്ഞ പാടശേഖരങ്ങളിലാണ് കൂടുതലായി ഇവയുടെ വാസം. പൂട പൊഴിയ്ക്കുന്നതിനായി ആമ്പൽഇലകൾക്കിടയിൽ തന്നെയാണ് ഇവയുടെ താമസം. അതിനാൽ, ഇവയെ പിടിച്ചെടുക്കുന്നതും എളുപ്പമാണ്. പാടശേഖരങ്ങളിൽ കൃഷിയിറക്കുന്ന സമയത്ത് ഇവിടെ നിന്നും മാറും. താറാവിന് സമാനമായതിനാൽ പിടിച്ചെടുക്കുന്ന എരണ്ട കുഞ്ഞുങ്ങളെ കോഴി,താറാവ് എന്നിവയ്ക്കൊപ്പം വളർത്തുന്നവരുമുണ്ട്. ഇവയെ പിന്നീട് ഭക്ഷണയോഗ്യമാക്കുകയാണ് ചെയ്യുന്നത്. എരണ്ടകളെ പിടിച്ചെടുക്കുന്നത് വ്യാപകമായതോടെ, തൃക്കോതമംഗലം ഐശ്വര്യ പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് വി.എ ഷാജി, സെക്രട്ടറി സാജു എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പിൽ പരാതിയും നൽകി. ഇതേതുടർന്ന് പാടശേഖരങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. സംഘത്തിന്റെ നേതൃത്വത്തിൽ പാടശേഖരത്ത് ബോർഡുകൾ സ്ഥാപിക്കും.
താറാവിനോട് സാമ്യം
ലെസർ വിസിലിംഗ് ഡക്ക് എന്നറിയപ്പെടുന്ന എരണ്ട താറാവിനോട് സാമ്യമുള്ള പക്ഷിയാണ്. ചെമ്പിച്ച തവിട്ടു നിറമുള്ള തൂവലുകൾ, വാൽഭാഗത്തോട് ചേർന്ന് തവിട്ടു കലർന്ന ചുവപ്പ് നിറം എന്നിവയാണ് പ്രത്യേകതകൾ. വാലൻ എരണ്ട, ചൂളൻ എരണ്ട, വരി എരണ്ട, വെള്ളക്കണ്ണി എരണ്ട, പച്ച എരണ്ട എന്നിങ്ങനെ പലതരം എരണ്ടകൾ സംസ്ഥാനത്ത് കാണപ്പെടുന്നത്. കേരളത്തിലെ തണ്ണീർത്തടങ്ങളിലുമാണ് കുളങ്ങളിലുമാണ് വാസം.