
കുന്നംകുളം: അനധികൃത മദ്യ വിൽപ്പന നടത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കടങ്ങോട് തെക്കുമുറി സ്വദേശികളായ വലിയ വളപ്പിൽ വീട്ടിൽ വിജയ (53), പനക്കൽ വീട്ടിൽ ജനാർദ്ദനൻ (51) എന്നിവരെയാണ് റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്ടർ ടി.എ.സജീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ചെറിയ ജ്യൂസിന്റെ കുപ്പികളിലാക്കിയാണ് ആവശ്യക്കാർക്ക് പ്രതികൾ മദ്യം വിറ്റിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, എൻ.ആർ.രാജു, സുനിൽദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലത്തീഫ്, നിതീഷ്, വനിത എക്‌സൈസ് ഓഫീസർ നിവ്യ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.