പട്ടാമ്പി: കൂറ്റനാട് മല റോഡിന് സമീപം മദ്രസയിലേക്ക് പോയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഐഷാ നൈന ഇന്നലെ രാവിലെ ആറേ മുക്കലോടെ മദ്രസയിലേക്ക് പോകും വഴി വെളുത്ത കാറിലെത്തിയ അജ്ഞാത സംഘം വീട്ടിലാക്കിത്തരാമെന്ന് പറയുകയും ആവശ്യം നിരസിച്ചതോടെ കാറിന്റെ ഡോർ തുറന്ന സ്ത്രീ കൈയ്യിൽ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി കുതറി മാറിയതോടെ സംഘം അതിവേഗം കാർ ഓടിച്ചു പോയി.
സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥലത്ത് വെള്ള നിറത്തിലുള്ള ഒരു കാർ പുലർച്ചെ മുതൽ പാർക്ക് ചെയ്തിരുന്നതായി സമീപ വീട്ടുകാരും പള്ളിയിൽ പുലർച്ചെ നമസ്‌കാരത്തിന് പോയ പ്രദേശവാസിയും പറഞ്ഞു. മകളെ കോളേജിലേക്ക് ബസ് കയറ്റാൻ പോയ കുട്ടിയുടെ മാതാവും ഇത്തരത്തിൽ വെള്ള നിറത്തിലുള്ള കാർ സംഭവം നടന്ന ഭാഗത്തോട് ചേർന്ന് നിർത്തിയിട്ടിരുന്നതായി കണ്ടിരുന്നു. സംഭവത്തിൽ വെളുത്ത നിറത്തിലുള്ള കാർ കേന്ദ്രീകരിച്ച് തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.