
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വന്തം താമസ ആവശ്യത്തിന് ഉപയോഗിക്കുന്ന 645
ചതുരശ്ര അടി വരെ (60 ചതുരശ്ര മീറ്റർ)തറ വിസ്തീർണ്ണമുള്ള വീടുകൾക്ക് നികുതിയിൽ നിന്ന് ഒഴിവ് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
.നിലവിൽ 320 ചതുരശ്രഅടി വരെയുള്ള(30ചതുരശ്രമീറ്റർ) വീടുകൾക്കായിരുന്നു നികുതിയൊഴിവ്.ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള വീടുകൾക്കാണ്
ഈ ആനുകൂല്യം.വാടക വീടുകൾക്ക് ഇത് ലഭിക്കില്ല. ഇളവ് ഫ്ളാറ്റുകൾക്കും ബാധകമല്ല.ഈ വർഷം ഏപ്രിൽ ഒന്നു മുതൽ കെട്ടിടങ്ങളുടെ വസ്തു നികുതി 5% വർദ്ധിപ്പിച്ചിരുന്നു.
കേരളത്തിലെ നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018ൽ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജുലായ് 31ന് മുൻപ് നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാൻ സാധിക്കുന്നത്. ഇതു പ്രകാരം ക്രമവത്കരണ അപേക്ഷ നൽകാനുള്ള കാലപരിധി അവസാനിച്ചു. ഈ സാഹചര്യത്തിൽ അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. 2019 നവംബർ 7ന് മുൻപ് നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള നിയമ ഭേദഗതിക്ക് നിയമസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചട്ടം പുറപ്പെടുവിക്കുന്നതോടെ അതിന്റെ പ്രയോജനവും ലഭിക്കും.
പദ്ധതി വീടുകൾക്ക് ഗുണകരമാകുമോ?
അറുപത് ചതുരശ്രമീറ്റർവരെയുള്ള (645 സ്ക്വയർഫീറ്റ്) വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയത് സർക്കാർ പദ്ധതിയിലെ വീടുകൾക്കുവേണ്ടിയാണ്. 2019ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടപ്രകാരം 66 ചതുരശ്രമീറ്ററിൽ (709.5 സ്ക്വയർ ഫീറ്റ്) കവിയരുതെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് വീട് നിർമ്മിച്ചവർ നിലവിലെ ഇളവിന്റെ പരിധിക്ക് പുറത്താണ്. പി.എം.എ.വൈ, ലൈഫ് പദ്ധതികൾ പ്രകാരം വച്ചവീടുകൾ 60 ചതുരശ്രമീറ്ററിന് മുകളിലാണ്. ഈ സാഹചര്യത്തിൽ പുതിയ ഇളവ് ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് എങ്ങനെ ഗുണകരമാകുമെന്നതിൽ വ്യക്തതയില്ല.